അഗര്‍ത്തല : കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവതിയെ അറസ്റ്റ് ചെയ്തു. വടക്കന്‍ ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ അനധികൃതമായി പ്രവേശിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ധര്‍മ്മനഗര്‍ സബ്ഡിവിഷനിലെ ഫുല്‍ബാരിയില്‍ താമസിക്കുന്ന 34 കാരനായ പാരമ്പര്യ ആയുര്‍വേദം പഠിക്കുന്ന നൂര്‍ ജലാല്‍ ബംഗ്ലാദേശിലെ മൗലവി ബസാര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. വിവാഹിതനായ ഇയാള്‍ 24 വയസുള്ള വിവാഹിതയായ യുവതിയുമായി പരിചയത്തിലായി. ഇത് പിന്നീട് പ്രണയം ആവുകയായിരുന്നു. ഇയാളെ വിവാഹം കഴിക്കാനാണ് യുവതി അതിര്‍ത്തി കടന്ന് എത്തിയത്.
ഇരുവരും ഫുല്‍ബാരിയില്‍ താമസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം നൂര്‍ ജലാല്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.