ബ്രിസ്ബെയ്ന്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. ബ്രിസ്ബെയ്നിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിനെ വിന്‍ഡീസ് 207 റണ്‍സിന് പുറത്താക്കി. ജയത്തോടെ 27 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് ജയം വിന്‍ഡീസ് ആഘോഷമാക്കി. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലെത്തിക്കാനും വിന്‍ഡീസിനായി.
മത്സരത്തില്‍ വിന്‍ഡീസിനായി ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമാര്‍ ജോസഫിന്റെ പ്രകടനമാണ് നിര്‍ണായകമായത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും പരമ്പരയിലെ താരവും ഷമാര്‍ ജോസഫാണ്. ഓസീസിനായി സ്റ്റീവ് സ്മിത്ത് 91 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍: വെസ്റ്റിന്‍ഡീസ് – 311/10, 193/10, ഓസ്ട്രേലിയ – 289/9 ഡിക്ലയേര്‍ഡ്, 207/10.
നാലാം ദിവസം ബാറ്റിങ്ങിനെത്തുമ്പോള്‍ 156 റണ്‍സ് കൂടിയാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ടീം നേടിയിരുന്നു. ഉസ്മാന് ഖവാജ (10), മര്‍നസ് ലബുഷെയ്ന് (5)എന്നിവരാണ് പുറത്തായത്. 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഇന്ന് ആദ്യം പുറത്തായത്.
പിന്നാലെ എത്തിയ ട്രാവിസ് രണ്ടാം ഇന്നിങ്സിലും ഗോള്‍ഡന്‍ ഡക്കായി. മിച്ചല്‍ മാര്‍ഷ് (10), അലക്സ് ക്യാരി (2) എന്നിവര്‍ക്കും തിളങ്ങാനായില്ല. മിച്ചല്‍ മാര്‍ഷ് (21), പാറ്റ് കമ്മിന്‍സ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരറ്റത്ത് വിക്കറ്റ് നഷ്ടമാവുമ്പോഴും സ്മിത്തിന്റെ ചെറുത്ത് നില്‍പ്പ് ഓസീസിന് ആശ്വാസമായി. എന്നാല്‍ നതാന്‍ ലിയോണ്‍ (9), ജോഷ് ഹേസല്‍വുഡ് (0) എന്നിവര്‍ക്ക് പിന്തുണ നല്‍കനായില്ല. ഹേസല്‍വുഡിനെ ബൗള്‍ഡാക്കി ഷമര്‍ വിന്‍ഡീസിന്റെ വിജയമാഘോഷിച്ചു.
സ്മിത്തിനെ കൂടാതെ 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 21 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മാത്രമാണ് ഓസീസ് നിരയില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.