ആന്റിഗ്വ : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയർ മറികടന്നു.
26 പന്തില്‍ 65 റൺസുമായി പുറത്താകാതെ നിന്ന നിക്കോളാസ് പുരാന്റെ ബാറ്റിംഗ് മികവിലാണ് വിൻഡീസ് ലക്ഷ്യത്തിലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 42 റൺസെടുക്കുന്നതിനിടെ അഞ്ച് ബാറ്റർമാർ പവലിയനിലെത്തി. റയാൻ റിക്കെൽട്ടൺ (നാല്), റീസ ഹെന്‍ഡ്രിക്കസ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (14), റാസി വാന്‍ഡര്‍ ഡുസെന്‍ (അഞ്ച്), ഡൊണോവന്‍ ഫെരേര (എട്ട്) എന്നിവരാണ് പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയത്.
പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സ് (42 പന്തില്‍ 76), പാട്രിക് ക്രുഗര്‍ (32 പന്തില്‍ 44) എന്നിവര്‍ ചേര്‍ന്ന് പടുത്തുയർത്തിയ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ 100 കടത്തി. വിന്‍ഡീസിനായി മാത്യു ഫോര്‍ഡെ മൂന്ന് വിക്കറ്റും ഷമാര്‍ ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.
175 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിനായി ഓപ്പണർമാരായ അലിക് അത്തനാസെയും(30 പന്തില്‍ 40), ഷായ് ഹോപ്പും(36 പന്തില്‍ 51) ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 84 റൺസ് ചേർത്തു.
എട്ടാമോവറിൽ അത്തനാസെയെ പുറത്താക്കി ബാർട്ട്മാൻ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. എന്നാൽ, സന്ദർശകരുടെ സന്തോഷം അധികനേരമുണ്ടായില്ല. പിന്നാലെയെത്തിയ നിക്കോളാസ് പുരാൻ ശരിക്കും വെടിക്കെട്ട് ബാറ്റിംഗിന് കെട്ടഴിച്ചുവിട്ടു. ഏഴ് സിക്സും രണ്ട് ഫോറും അടക്കമാണ് പുരാന് 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. ക്യാപ്റ്റന്‍ റൊവ്മാന്‍ പവല്‍ (ഏഴ്) നിരാശപ്പെടുത്തിയപ്പോള്‍ റോസ്റ്റണ്‍ ചേസ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.