കിംഗ്സ്റ്റണ്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. ആറ് വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തറപറ്റിച്ചത്. ഇന്ത്യ ഉയർത്തിയ 182 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. 40.5 ഓവറിലാണ് ഇന്ത്യ 181 റണ്‍സെടുത്തുത്.
വിൻഡീസീനായി നായകൻ ഷായി ഹോപ്പ് അർധ സെഞ്ചുറി നേടി. ഹോപ്പ് പുറത്താകാതെ 80 പന്തിൽ 63 റണ്‍സുമായി വിൻഡീസിനെ വിജയത്തീരത്ത് എത്തിച്ചു. ഹോപ്പിന് ഉറച്ച പിന്തുണയുമായി കീസി കാർട്ടിയും കളംവാണു. കാർട്ടി പുറത്താകാതെ 65 പന്തിൽ 48 റണ്‍സെടുത്തു. കൈൽ മേയേഴ്സ് 36 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങേണ്ടിവന്ന ഇന്ത്യക്ക് ഇഷാൻ കിഷനും (55) ശുഭ്മൻ ഗില്ലും (34) ചേർന്നു തകർപ്പൻ തുടക്കം നൽകി. 16.5 ഓവറിൽ 90 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണു സഖ്യം പിരിഞ്ഞ്. എന്നാൽ, ഇരുവരും പുറത്തായശേഷം ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞു.ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ടീമിൽ ഇടംലഭിച്ച മലയാളിതാരം സഞ്ജു സാംസണ് (9), അക്സർ പട്ടേൽ (1), ഹാർദിക് പാണ്ഡ്യ (7), സൂര്യകുമാർ യാദവ് (24), രവീന്ദ്ര ജഡേജ (10) എന്നിവർ പരാജയപ്പെട്ടു.
വിൻഡീസിനായി റൊമാരിയോ ഷെപ്പേഡ് രണ്ടും ജയ്ഡൻ സീൽസ്, ഗുഡ്കേഷ് മോട്ടീ, യാനിക് കാരി എന്നിവർ ഓരോ വിക്കറ്റും നേടി. രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.