പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗിന് രണ്ട് നാൾ മാത്രം ബാക്കിനില്‍ക്കേ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയപാർട്ടികൾ. ഒന്നാംഘട്ട പോളിംഗില്‍ വോട്ടിംഗ് ശതമാനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. കടുത്ത ചൂടാണ് സംസ്ഥാനമെങ്ങും അനുഭവപ്പെടുന്നത് എന്നത് കൊണ്ട് വോട്ടിംഗ് ശതമാനം കുറയുമോ എന്ന പേടി മൂന്ന് മുന്നണികള്‍ക്കും നന്നായുണ്ട്. പണ്ടൊക്കെ വോട്ടിംഗ് ശതമാനം കുറഞ്ഞാല്‍ അത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ മൂന്നാല് തെരഞ്ഞെടുപ്പുകളോടെ അത്തരത്തിലൊരു വിശകലനത്തിന് പ്രസക്തിയില്ലെന്നായി. വോട്ടിംഗ് ശതമാനം കൂടിയാലും കുറഞ്ഞാലും അത് ഏതെങ്കിലും മുന്നണിക്ക് പ്രത്യക്ഷത്തില്‍ അനുകൂലമോ പ്രതികൂലമോ ആകില്ലെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
വോട്ടിംഗ് ശതമാനം 80നു മുകളില്‍ പോയാല്‍ അത് യുഡിഎഫിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പറയാറുള്ളത്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 77.67% ആയിരുന്നു വോട്ടിംഗ്. അന്ന് യുഡിഎഫ് 20ല്‍ 19 സീറ്റും നേടി. ലോക്സഭയിലേക്ക് 1977ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലും 1989ലെ തെരഞ്ഞെടുപ്പിലുമായിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനമുണ്ടായിരുന്നത്. 77ല്‍ 79.2 ശതമാനവും 89ല്‍ 79.3 ശതമാനവും. ഈ രണ്ടു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയാണ് വന്‍ വിജയം നേടിയത്. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സഹതാപ തരംഗം അലയടിച്ച 1984 തെരഞ്ഞെടുപ്പില്‍ 77.13% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി മികച്ച വിജയം നേടി. 1967ന് ശേഷം ഇടതുമുന്നണി തൂത്തുവാരിയ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു 2004ലേത്. അന്ന് യുഡിഎഫിന് ലഭിച്ചത് കേവലം ഒരു സീറ്റ് മാത്രമായിരുന്നു. അന്ന് വോട്ടിംഗ് ശതമാനവും കുറഞ്ഞു. 71.43% പേരാണ് അന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.1996 ലും 1999ലും യഥാക്രമം 71ഉം 70ഉം ശതമാനം വോട്ടുമാത്രമായിരുന്നു രേഖപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായി ഇതുകണക്കാക്കപ്പെടുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു.
ആന്റി ഇന്‍കംബന്‍സി അഥവാ സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് വലിയ തോതില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതായി കാണപ്പെട്ടതെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷം വേണം. 2014ലെ 73.6% പോളിംഗില്‍ നിന്നും 2019 ലെ 77.67% ശതമാനത്തിലെത്തിയതിന് പിന്നില്‍ ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവും വലിയ പങ്കുവഹിച്ചുവെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ അഭിപ്രായം. 2019ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് പോളിംഗ് ശതമാനം ഉയര്‍ന്നതെന്ന് ഇടതുരാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തവണ അത്തരത്തിലൊരു പ്രതീക്ഷയില്ലാത്തതിനാല്‍ പോളിംഗ് ശതമാനം താഴാനാണ് സാധ്യതയെന്നും ഇവര്‍ സൂചന നല്കുന്നു.
ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പോളിംഗ് ശതമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വ്യത്യസ്ത രീതിയിലാണ് റിസൾട്ടിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനം ഉയര്‍ന്ന് നിന്നിട്ടും ഇടതുപക്ഷമാണ് വിജയിച്ചുകയറിയത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതൽ പേർ വോട്ട് ചെയ്യുന്നത് പൊതുവെ യുഡിഎഫിന് അനുകൂലമാവുകയാണ് പതിവ്. ഇത്തവണ കാലാവസ്ഥ ചതിക്കുമോ എന്നാണ് മുന്നണികളെല്ലാം ഉറ്റുനോക്കുന്നത്. പ്രചാരണം അവസാന ലാപ്പിൽ നിൽക്കുമ്പോൾ പൊരിവെയിലത്ത് സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും അക്ഷരാര്‍ത്ഥത്തില്‍ ഓടിയെത്തുകയാണ്. വോട്ടിംഗ് ശതമാനത്തിലുണ്ടാകുന്ന കുറവ് യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാത്രമല്ല ആറോളം മണ്ഡലങ്ങളില്‍ തങ്ങളുടെ സാധ്യതകളെയും ബാധിക്കുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. തൃശൂര്‍, ആറ്റിങ്ങല്‍, ആലപ്പുഴ പോലുള്ള മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട വോട്ടിംഗ് ശതമാനം തങ്ങള്‍ക്കുണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത കാരണങ്ങളാൽ വോട്ടിംഗ് ശതമാനം 75ശതമാനത്തില്‍ കുറയല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് മൂന്നുമുന്നണികളും.