ഇത്തവണത്തെ തൃശൂര്‍ പൂരം രാഷ്ട്രീയമായി പൊടിപൂരമായി മാറി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർധന്യത്തിലായിരുന്നു ഇത്തവണ പൂരം അരങ്ങേറിയത്. മാത്രമല്ല, കേരളത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് തൃശൂര്‍. പൂരത്തിന്റെ അത്യാകര്‍ഷകമായ ഭാഗം വെടിക്കെട്ടാണ്. പൊലീസിന്റെ കടുംപിടുത്തം കാരണം രാത്രി നടക്കേണ്ട വെടിക്കെട്ട് ചരിത്രത്തിലാദ്യമായി ഇത്തവണ പകല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നത് പൂരപ്രേമികളിൽ കടുത്ത അമർഷമുണ്ടാക്കി. ഇടതു-വലതുമുന്നണികളും ബിജെപിയും ഒരേ പോലെ പൊലീസിനെതിരെ തിരിയുകയും ചെയ്തു.
തെരഞ്ഞെടുപ്പിന്റെ നിർണായക സമയത്ത് പൂരം വെടിക്കെട്ട് മാറ്റിവെക്കേണ്ടി വരികയും അതിന്റെ പേരില്‍ വലിയ ജനരോഷമുയരുകയും ചെയ്തത് സര്‍ക്കാരിന് വലിയ ക്ഷീണമായി. ഇതേത്തുടര്‍ന്ന് കടുംപിടുത്തക്കാരനായ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിര അനുമതിയോടെ സ്ഥലം മാറ്റി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഏത് വിവാദവും അവിടുത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് രാഷ്ട്രീയക്കാർക്ക് അറിയാം. അതിനാൽ വെടിക്കെട്ട് പ്രശ്നം കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാക്കും മുമ്പ് സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.
പൂരം തകര്‍ക്കാനുള്ള ശ്രമം നടന്നുവെന്നാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും ഒരേ സ്വരത്തില്‍ പറയുന്നത്. ഇടതുസ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറാകട്ടെ ഈ നീക്കത്തിന് പിന്നില്‍ ചില എന്ജിഒകളുണ്ടെന്ന് വരെ പറഞ്ഞുകഴിഞ്ഞു. ഏതായാലും പൂരം വിവാദത്തിന് രാഷ്ട്രീയമാനങ്ങള്‍ നല്‍കാനുള്ള നീക്കത്തില്‍ മൂന്നു മുന്നണികളും ഒരുമിച്ചാണ്. എല്ലാവരും കുറ്റം പൊലീസിന്റെ തലയില്‍ വെക്കുകയും ചെയ്യുന്നു. പൊലിസിന്റെ കരുതലില്ലാത്ത ഇടപെടല്‍ മൂലം പൂരവും കുടമാറ്റവുമൊക്കെ നിര്ത്തിവെക്കേണ്ടിവരുമെന്നു വരെ ആ സമയത്ത് പ്രചാരണമുണ്ടായി. റവന്യുമന്ത്രിയും ജില്ലാ ഭരണകൂടവും അടിയന്തിര ഇടപെടല്‍ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതോടൊപ്പം കുടമാറ്റത്തില്‍ അയോധ്യാക്ഷേത്രത്തിന്റെയും രാംലല്ല വിഗ്രഹത്തിന്റെയുമൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതും വിവാദമായി. തെരഞ്ഞെടുപ്പ് രംഗം ബിജെപിക്ക് അനുകൂലമാക്കാന്‍ ചിലര്‍ കരുതിക്കൂട്ടി നടത്തിയതാണ് ഇവയെല്ലാം എന്ന് കരുതുന്നവരുമുണ്ട്.
കേരളത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള സീറ്റാണ് തൃശൂര്‍. സിപിഎമ്മും കോണ്‍ഗ്രസും ജാഗ്രതയോടെയാണ് അവിടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നതും. തൃശൂര്‍ പൂരത്തിനിടെ ഉണ്ടായ സംഭവവികാസങ്ങളില്‍ ഗൂഡാലോചനയും കോണ്‍ഗ്രസ് സംശയിക്കുന്നു. ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനുളള നീക്കങ്ങളാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്. അല്ലെങ്കില്‍ ഇന്നേവരെയുണ്ടാകാത്ത അനിഷ്ടസംഭവങ്ങൾ തെരഞ്ഞെടുപ്പ് സമയത്തെ പൂരത്തിനിടക്ക് അരങ്ങേറുമോ എന്നും അവര്‍ ചോദിക്കുന്നു. തൃശൂര്‍ പൂരം നടത്തിപ്പിന് പൊലീസിനും മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കൃത്യമായ മാനുവല്‍ ഉണ്ട്. അതനുസരിച്ചാണ് ഇക്കണ്ട കാലമത്രയും അത് നടന്നിട്ടുള്ളതും. എന്നാല്‍ ഇത്തവണ ചില കൈവിട്ട കളികള്‍ നടന്നത് മൂന്നാല് ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന വോട്ടെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് കോണ്‍ഗ്രസും ഇടതുമുന്നണിയും സംശയിക്കുന്നു. കാരണം പൂരവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നങ്ങളുണ്ടായാലും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സുരേഷ്ഗോപിക്ക് ഗുണം കിട്ടുന്ന രീതിയിലേക്ക് അതിനെ മാറ്റുക എളുപ്പമാണ്. പ്രശ്നത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ ഉടനടി നടപടിയെടുത്തതും അതുകൊണ്ടാണ്.
ഇടതു-വലതുമുന്നണികളുടെ ജില്ലാ നേതൃത്വങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്കനടപടി ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ അധികപ്പറ്റ് മൂലമുണ്ടായ ഈ സംഭവങ്ങള്‍ അത്ര യാദൃശ്ചികമാണെന്ന് പറയാന്‍ വയ്യെന്നാണ് ഇവരുടെ പക്ഷം. കേരളാപോലീസിൽ സംഘപരിവാറിന്റെ ഏജന്റുമാർ ഉണ്ടെന്ന ആരോപണം ഏറെക്കാലമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽക്കൂടി വേണം വെടിക്കെട്ട് വിവാദത്തെ കാണാൻ. ഒരു സാംസ്കാരികോല്സവമെന്ന പാരമ്പര്യത്തിൽ നിന്നും രാഷ്ട്രീയമാമാങ്കം എന്ന അവസ്ഥയിലേക്ക് ഇത്തവണത്തെ തൃശൂര്‍ പൂരം മാറി. ഇരുമുന്നണികളും സംശയിക്കുന്നത് ബിജെപിയെയാണ്. ഈ വിവാദത്തില്‍ നിന്നും രാഷ്ട്രീയനേട്ടമുണ്ടാകുക അവർക്ക് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ ആർക്കും സംശയമില്ല.