തൃശൂർ : പത്മജയുടെ പാർട്ടി മാറ്റത്തോടെ ലീഡറുടെ സ്മൃതി മണ്ഡപവും മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകർ. പത്മജയുടെ ബി.ജെ.പി പ്രവേശനത്തിൽ നിരാശയുണ്ടെങ്കിലും ആരും ഒപ്പം പോകില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ പൊതുവെയുള്ള പ്രതികരണം. എന്നാൽ പത്മജയുടെ പേരിലുള്ള ഭൂമിയിൽ സ്ഥിതിചെയ്യുന്ന ലീഡറുടെ സ്മൃതി മണ്ഡപവും പ്രവർത്തകരുടെ വികാരമായ മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്ക കോൺഗ്രസ് പ്രവർത്തകർ മറച്ച് വെക്കുന്നില്ല.
തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് മുരളീമന്ദിരം. കോൺഗ്രസിന്റെ തന്ത്രങ്ങൾ മെനയുന്ന സ്ഥലങ്ങളിലൊന്നായിരുന്നു 1956 മുതൽ ഈ വീട് . കെ.കരുണാകരന്റെ വേർപാടിനു ശേഷം ഇവിടെ തിരക്കൊഴിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ ദിവസം മാത്രമായി പിന്നെ തിരക്ക്. മകൾ പത്മജ വേണുഗോപാൽ എറണാകുളത്തു നിന്ന് ഇവിടേക്കു താമസം മാറ്റിയിട്ടും അതിനു വലിയ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ചിത്രം മാറിത്തുടങ്ങിയിരുന്നു . ആ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ചർച്ചാ കേന്ദ്രമായിരുന്നു മുരളീ മന്ദിരം.
പത്മജ പാർട്ടി വിടുന്നത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അത്രമാത്രം ആശങ്കയിലാക്കുന്നില്ലെന്നത് യാഥാർഥ്യമാണെങ്കിലും മുരളീമന്ദിരത്തിൽ പഴയ പോലെ കയറാനാകുമോ എന്ന ടെൻഷൻ അവരിൽ ഓരോരുത്തർക്കുമുണ്ട്. അതുകൊണ്ട് തന്നെയാകും, പത്മജ പാർട്ടി വിടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ കരുണാകരൻ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയതും . രാമനിലയത്തിൽ രാവിലെ ഡി.സി. സി പ്രസിഡൻ്റ് ജോസ് വള്ളൂരും പാർട്ടി നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പുഷ്പാർച്ചന. പത്മജയുടെ ബി.ജെ.പി പ്രവേശനത്തോട് നേതാക്കൾ പ്രതികരിക്കാൻ തയാറായില്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ നിരാശ നേതാക്കളുടെ മുഖത്ത് ഉണ്ടായിരുന്നു.