ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോള്‍ ബിജെപി ഏറ്റവുമധികം ആശങ്കയോടെ കാണുന്ന ഒന്നുണ്ട്. പ്രതിപക്ഷ ഇന്ത്യാ മുന്നണി സഖ്യം എത്ര സീറ്റില്‍ മല്സരിക്കുമെന്നതാണത്. ഇന്ത്യാ മുന്നണി 450 സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചിത്രം മാറുമെന്ന് നരേന്ദ്രമോദിക്കും ബിജെപിക്കും നന്നായി അറിയാം. 450 സീറ്റില്‍ ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥി വന്നാലുണ്ടാകുന്ന തിരിച്ചടിയെ തടയാനും കൂടിയാണ് തങ്ങളുടെ ലക്ഷ്യം 400 സീറ്റാണെന്ന് പ്രധാനമന്ത്രി ആദ്യമേ പ്രഖ്യാപിച്ചതും. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ ഇന്ത്യാ സഖ്യത്തില്‍ നിന്നും തെറ്റിച്ചു നിര്‍ത്താന്‍ ബിജെപി ചതുരോപായങ്ങളാണ് പയറ്റുന്നത്.
രാഷ്ട്രീയ റാലികളിലൊക്കെ പ്രതിപക്ഷസഖ്യത്തെ പുച്ഛിച്ച് തള്ളുമെങ്കിലും ഇന്ത്യാ മുന്നണി നന്നായി വര്‍ക്ക് ചെയ്താല്‍ ബിജെപിയുടെ സാധ്യതകളെ കാര്യമായി ബാധിക്കുമെന്ന് മോദിക്കും സംഘപരിവാറിനും ബോധ്യമുണ്ട്. നിലവില്‍ 253 സീറ്റുകളില്‍ ഇന്ത്യാ സഖ്യം ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഉറപ്പാണ്. മമതാ ബാനര്‍ജി കൂടെ ചേര്‍ന്നാല്‍ അത് 295 സീറ്റാകും. മധ്യപ്രദേശ്, രാജസ്ഥാന്, കര്‍ണ്ണാടക, ആന്ധ്രാ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യ ചര്‍ച്ചകള്‍ കാര്യമായി മുന്നോട്ടുപോയിട്ടില്ല. അതേ സമയം ആം ആദ്മി പാർട്ടിയുമായി പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമാജ് വാദി പാര്‍ട്ടിയുമായി ഉത്തര്‍പ്രദേശിലും സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബീഹാറിലും ആര്‍ജെഡിയുമായി ധാരണയായിട്ടുണ്ട്. യുപി കഴിഞ്ഞാല്‍ ഏറ്റവും അധികം ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയിലാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കുന്നത്. അവിടെ ശരത്പവാറിന്റെ എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്ന കാര്യം തീരുമാനമാകാത്തതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം.
ആദ്യം മുതലേ ഇന്ത്യാ സഖ്യത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബിജെപി ശക്തമായി ശ്രമിക്കുന്നുണ്ടായിരുന്നു. അതിലവര്‍ പകുതിയെങ്കിലും വിജയിക്കുകയും ചെയ്തിരുന്നു. മമതാ ബാനര്‍ജി, ചന്ദ്രശേഖര്‍ റാവു, അരവിന്ദ് കെജ്രിവാള് തുടങ്ങിയവരെ പിന്നോട്ടു വലിക്കാനായിരുന്നു ബിജെപി തന്ത്രം മെനഞ്ഞത്. ഇതില്‍ കെജ്രിവാളിനെ തൊടാന്‍ പറ്റിയില്ല. മറ്റു രണ്ടുപേരും ഇഡിയുടെ വിരട്ടലില്‍ വീഴുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യത്തിലേക്ക് തങ്ങളില്ലന്ന് മായാവതി ആദ്യമേ പ്രഖ്യാപിച്ചതും അമിത് ഷായുടെ വിരട്ടലില്‍ വീണത് കൊണ്ടായിരുന്നു. മായാവതിയുടെ നിരവധി അഴിമതി കേസുകള്‍ ഇപ്പോഴും സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യാ സഖ്യം ഈ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകടന്നാല് പോലും ലോകസ്ഭയില്‍ ശക്തമായ പ്രതിപക്ഷത്തെ തങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്ന് ബിജെപിക്കറിയാം. അതൊഴിവാക്കാൻ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകളെ കഴിയുന്നത്ര ഇല്ലാതാക്കുന്ന തന്ത്രങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യത്തിലെ ഭിന്നത മുതലെടുത്ത് സീറ്റുകള്‍ തൂത്തു വാരാം എന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. അപ്പോഴും 2019 ല്‍ ലഭിച്ച സീറ്റുകള്‍ക്കപ്പുറം ഇനി എത്രപോകുമെന്ന സംശയവും ബിജെപിക്കുണ്ട്. 2019ലെ വന്വിജയത്തിനപ്പുറം പോകണമെങ്കില്‍ വലിയ തരംഗം തന്നെ മോദിക്ക് അനുകൂലമായി ഉണ്ടാവണം. എന്നാല്‍ രാമക്ഷേത്രം കൊണ്ടൊന്നും അത്രക്ക് വലിയ തരംഗമുണ്ടാകില്ലന്ന് പ്രധാനമന്ത്രിക്കുമറിയാം ബിജെപിക്കുമറിയാം.
അപ്പോള്‍ തരംഗമല്ല പ്രതിപക്ഷ കൂട്ടായ്മയിലെ ഭിന്നത തന്നെയാണ് ഏക ആശ്രയം. അതോടൊപ്പം സിഎഎ വിജ്ഞാപനം വോട്ടർമാരിൽ തരക്കേടില്ലാത്ത ധ്രുവീകരണം ഉണ്ടാക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ആ വിഷയത്തില്‍ വലിയ ധ്രുവീകരണത്തിനുള്ള സാധ്യതയില്ലെന്നാണ് വിജ്ഞാപനം ഇറങ്ങിയതിന് ശേഷമുള്ള ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.
ദക്ഷിണേന്ത്യ തങ്ങളെ ചതിക്കുമോ എന്ന ഭയം ബിജെപിക്ക് നന്നായുണ്ട്. ഒരു തെക്കൻ സംസ്ഥാനത്തും ബിജെപിക്ക് ഭരണമില്ല. കര്‍ണ്ണാടകയും തെലങ്കാനയും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഇടിച്ചുപിഴിഞ്ഞാലും ഉത്തരേന്ത്യയില്‍ നിന്നും കിട്ടാവുന്ന സീറ്റിന് ഒരു പരിധിയുണ്ടെന്ന് മോദിക്കും ബിജെപിക്കും നന്നായി അറിയാം. അതാണ് അവരുടെ വലിയ തലവേദനയും.