പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും അതേ തുടര്‍ന്ന് എസ് എഫ് ഐ നേതാക്കളടക്കം അറസ്റ്റിലായതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സിദ്ധാര്‍ത്ഥിനെതിരെ നടന്ന ക്രൂരമായ അക്രമത്തെ ന്യായീകരിക്കുന്ന ഒരു നടപടിയും സിപിഎമ്മിന്റെയോ പോഷക സംഘടനകളുടെയോ ഏതെങ്കിലും നേതാവിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്ക്കുമ്പോള് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും എല്ലാ സ്ഥാനാര്‍ത്ഥികളും ഏതാണ്ട് പൂര്‍ണ്ണമായും തന്നെ പ്രചാരണരംഗത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു പ്രതിസന്ധി മുന്നണിയെ വലയ്ക്കുന്നത്.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനെ മൂന്ന് ദിവസം എസ്എഫ്ഐ നേതാക്കളടക്കമുള്ളവര്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഈ കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സ്ഥീരീകരിച്ചിട്ടുള്ളത്. അറസ്റ്റിലായവരില്‍ എല്ലാവര്ക്കും എസ്എഫ്ഐ പശ്ചാത്തലമുള്ളതാണ് സിപിഎമ്മിനെ കുഴക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് സീനിയര്‍ നേതാക്കളെത്തന്നെ സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയത്. ഒരു പിബി അംഗവും ആറ് കേന്ദ്ര കമ്മിറ്റിയംഗങ്ങളും മൂന്ന് ജില്ലാ സെക്രട്ടറിമാരുമാണ് പാര്‍ട്ടിക്ക് വേണ്ടി മല്‍സരിക്കുന്നത്. വിജയം ഉറപ്പിച്ചു തന്നെയാണ് ഇവരെ കളത്തില്‍ ഇറക്കിയതും. അപ്പോഴാണ് സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയുണ്ടാകുന്നതും എസ്എഫ്ഐ നേതാക്കളുടെ ക്രൂരമര്‍ദനം മൂലമാണ് ആ കുട്ടി ഈ കൃത്യം ചെയ്തതെന്നുമുള്ള വാര്‍ത്ത പുറത്ത് വരുന്നതും. സംസ്ഥാനത്തെങ്ങും മാധ്യമങ്ങളിലടക്കം അത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതോടെ സിപിഎം നേതൃത്വം കനത്ത ജാഗ്രതയിലായി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി രണ്ട് ദിവസം മുമ്പെ പറഞ്ഞതും, സിപിഎമ്മിന്റെ ഉന്നത നേതാക്കളെല്ലാം നിഷ്ഠൂരമായ ആക്രമത്തെ തള്ളിപ്പറഞ്ഞതും അത് കൊണ്ടാണ്.
സിദ്ധാര്‍ത്ഥിന്റെ മരണത്തിന്റെ പഴി തങ്ങളുടെ മേല്‍ വീഴാതാരിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. സാധാരണഗതിയില്‍ പാര്‍ട്ടി ഒരിക്കലും തങ്ങളുടെ പോഷക സംഘടനകളുടെ നടപടികളെ പരസ്യമായി തള്ളിപ്പറയാറില്ല. യൂണിവേഴ്സിറ്റി കോളജിലടക്കം നടന്ന അക്രമ സംഭവങ്ങളില്‍ സിപിഎം നേതൃത്വം തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയെ പ്രതിരോധിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു നടപടിയുണ്ടായാല്‍ അത് ലോക്സഭാ തിരഞ്ഞെടുപ്പിലെ തങ്ങളുടെ പ്രതീക്ഷകളെ ബാധിക്കുമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞുകഴിഞ്ഞു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയോട് മരിച്ച വിദ്യാര്‍ത്ഥിക്കും കുടുംബത്തിനുമെതിരായ വാര്‍ത്തകളൊന്നും നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എട്ട് സീറ്റുകള്‍ ഉറപ്പായിട്ടും പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്ത് വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ഒളിവിലുള്ള പ്രതികളോടെല്ലാം പൊലീസിനു മുന്നില്‍ കീഴടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഈ വിഷയം യുഡിഎഫ് വ്യാപകമായി ചര്‍ച്ചാവിഷയമാക്കുമെന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിന് മുമ്പുതന്നെ ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം ഉറപ്പ് നല്‍കാനുള്ള ശ്രമവും പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. മരിച്ച കുട്ടിയുടേത് ഒരു ദളിത് കുടുംബമാണെന്നതും സിപിഎമ്മിന്റെ തലവേദന വര്‍ധിപ്പിക്കുന്നു.
ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും തങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാക്കിയ വിഷയങ്ങള്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തെത്തുടര്‍ന്നുണ്ടാകുന്ന മാധ്യമ വിചാരണയിലും ജനകീയ രോഷത്തിലും മുങ്ങിപ്പോകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ടെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. സിപിഎം വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമായ ആറ്റിങ്ങലിലാണ് മരിച്ച സിദ്ധാര്‍ത്ഥിന്റെ വീട്. വളരെ സൂക്ഷ്മമായി ഈ പ്രശ്നം കൈകാര്യം ചെയ്യണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളുണ്ട്. തങ്ങളുടെ എ ക്ളാസ് മണ്ഡലമായി ആറ്റിങ്ങലിനെ കരുതുന്ന ബിജെപിയും ചില കേന്ദ്രനേതാക്കളെ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ഏര്‍പ്പാടാക്കുന്നുണ്ടെന്ന് കേൾക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് ഈ വിഷയം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടി തീരുമാനം. ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നത് രാഷ്ട്രീയ തിരിച്ചടി തന്നെയാണെന്നാണ് സിപിഎം കരുതുന്നത്.