സെക്യുരിറ്റീസ് ആന്റെ എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മാധബി പുരിബൂച്ചിനും, ഭര്‍ത്താവും യൂണിലിവറിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ധവാല്‍ ബൂച്ചിനും അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെല്‍ കമ്പനികളില്‍ വന്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യയുടെ മൂലധന നിക്ഷേപമേഖലയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചേക്കാം.
ഓഹരിരംഗത്തെ അനാരോഗ്യകരമായ പ്രവണതകളെയും തട്ടിപ്പുകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് സെബി അഥവാ സെക്യുരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. 1988ലാണ് ഇതാരംഭിച്ചതെങ്കിലും ഹര്‍ഷദ് മേത്ത സംഭവത്തിന് ശേഷം 1992 ജനുവരിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സെബി ആക്റ്റ് പാസാക്കുകയും ഇതിനെ വിപുലമായ അധികാരങ്ങളുള്ള സ്വയംഭരണ സ്ഥാപനമായി മാറ്റുകയും ചെയ്തു. ഒരു ചെയര്‍മാനും കേന്ദ്രധനകാര്യ വകുപ്പില്‍ നിന്നുള്ള രണ്ടു ഉന്നതോദ്യോഗസ്ഥരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധിയുമാണ് സെബിയുടെ ഭരണസമിതിയിലുണ്ടാകുന്നത്. മാധബി പുരിയിലൂടെയാണ് സെബിക്ക് ഇതാദ്യമായി സ്വകാര്യമേഖലയില്‍ അനുഭവ സമ്പത്തുള്ള ചെയര്പേഴ്സണുണ്ടാകുന്നത്. അതിന് മുമ്പൊക്കെ ഉന്നത സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥരും, സാമ്പത്തികശാസ്ത്രജ്ഞരുമൊക്കെയാണ് സെബിയുടെ തലപ്പെത്തുണ്ടായിരുന്നത്.
2023 ജനുവരിയിലാണ് അദാനിഗ്രൂപ്പിനെതിരെ അമേരിക്കന്‍ ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അതീവവിവാദമായ വിവരങ്ങളുമായി രംഗത്തെത്തിയത്. അദാനി ഗ്രൂപ്പ് മൗറീഷ്യസിലടക്കം ഉണ്ടാക്കിയിരിക്കുന്ന ഷെല്‍ കമ്പനികളിലേക്ക് ഇന്ത്യയില്‍ നിന്നും നിക്ഷേപം അനധികൃതമായി ഒഴുകയാണെന്നും ആ പണം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ വ്യവസായിയാകാന്‍ ഏതാനും ചുവുടുകള്‍ മാത്രമുള്ള സമയത്തായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ഈ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. 150 ബില്യണ്ഡോളറാണ് ഒരു മാസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ ആസ്്തിയില് ഈ റിപ്പോര്‍ട്ടു പുറത്തായതിനെതുടര്ന്നുണ്ടായ ഇടിവ്.
എന്നാല്‍ ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് അദാനിഗ്രൂപ്പിന് സെബി ക്ളീന്‍ ചിറ്റു നല്‍കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ അദാനിഗ്രൂപ്പിനെതിരെ യാതൊരു നിയമനടപടിയും കൈക്കൊള്ളാന്‍ കഴിയാതെ വന്നു.
വളരെ നിസാരമായ കാര്യമാണിതെന്നും വേണ്ടി വന്നാല്‍ ചെറിയ സംഖ്യ പിഴയടച്ചാല്‍ മതിയെന്നുമായിരുന്നു ഇതില്‍ സെബിയുടെ നിലപാട്. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് യാതൊരു അവധാനതയുമില്ലാതെ തെയ്യാറാക്കിയതെന്നായിരുന്നു സെബിയുടെ നിലപാട്. ഇതോടെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ശ്രദ്ധ സെബി ചെയര്‍പേഴ്സണിലേക്ക് തിരിഞ്ഞത്. മാധബിപുരി സെബി ചെയര്‍പേഴ്സണായി നിയമിക്കപ്പെട്ടശേഷം അദാനി ഗ്രൂപ്പ് ഉടമ അവരെ സന്ദര്‍ശിച്ച കാര്യം വാര്്ത്തയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുന്നതിനും വളരെ മുമ്പായിരുന്നു സംഭവം. അതുകൊണ്ട് അതാരും അത്ര കാര്യമായി എടുത്തില്ല. എന്നാല്ചില മാധ്യമങ്ങള്‍ ഒരു വ്യവസായ പ്രമുഖന് സെബിയുടെ ചെയര്‍മാനെ ചെന്ന് കാണുന്നത് ആദ്യത്തെ സംഭവമാണെന്ന് സൂചിപ്പിച്ചിരുന്നു.
ബര്‍മൂഡ ദ്വീപീല് പ്രവര്‍ത്തിക്കുന്ന അദാനിഗ്രൂപ്പിന്റെ ഷെല്‍ കമ്പനിയെന്ന് ഹിഡന്‍ബര്‍ഗ് ആരോപിക്കുന്ന ഗ്ളോബല്‍ ഡൈനമിക് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ലിമിറ്റഡിലാണ് മാധബിപുരിക്കും ഭര്‍ത്താവിനും നിക്ഷേപങ്ങള്‍ ഉള്ളതായി ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ രേഖകളും അവര്‍ പുറത്തുവിട്ടു. അദാനി ഗ്രൂപ്പുമായുള്ള സെബി ചെയര്പേഴ്സണന്റെയും കുടുംബത്തിന്റെയും ഈ ബന്ധമാണ് തങ്ങള്‍ പുറത്തുവിട്ട ഷെല്‍ കമ്പിനികളെക്കുറിച്ച് ഇന്ത്യയില്‍ യാതൊരു അന്വേഷണവും നടക്കാതിരുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. സുപ്രീം കോടതിക്ക് പോലും അദാനി ഗ്രൂപ്പിന് സെബി നല്കിയ ക്ളീന്‍ ചിറ്റിനെപ്പറ്റി സംശയമുണ്ടായെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഓഹരിക്കമ്പോളത്തിലെ തട്ടിപ്പുകളും, അനധികൃത ഇടപാടുകളും തടയാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് രൂപികരിച്ച സെബിയുടെ ചെയര്‍പേഴ്സണായിരിക്കുന്ന വ്യക്തിക്ക് പണം തട്ടാന്‍ അനധികൃതമായി വിദേശത്ത് രൂപീകരിച്ച കന്വനികളില്‍ വലിയ നിക്ഷേപമുണ്ടെന്ന വാര്‍ത്ത സെബിയുടെ എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ്. സഹാറ അടക്കമുള്ള കമ്പനികളുടെ ഓഹരിത്തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയതും ഉടമകളെ ജയിലാലാക്കിയതും സെബിയുടെ ഇപടെല്‍ ആയിരുന്നു. എന്നാല്‍ ഇവിടെ വേലി തന്നെ വിളവു തിന്നു കാഴ്ചയാണ് കാണുന്നത്. ഏതായാലും സെബിയും കേന്ദ്രസര്‍ക്കാരും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വിവരങ്ങളെക്കുറിച്ച് മറുപടി പറയേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.