ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ശേഷിക്കുന്ന സീറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം വൈകുന്നേരം ചേരും.
അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഇരുവരും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് അവരുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കും.
നിലവില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ അമേഠിയില്‍ ഇറങ്ങുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വയനാട്ടിലെ വോട്ടിംഗ് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.അമേഠിയില്‍ മത്സരിച്ചാല്‍ രാഹുലിന് മൂന്നാം തവണയും എതിരാളി സ്മൃതി ഇറാനിയാകും. 2014-ല്‍ സ്മൃതി ഇറാനിക്കെതിരേ 1,07,903 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഈ സീറ്റില്‍ വിജയിച്ചത്. എന്നാല്‍ 2019-ല്‍ 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തി.
മേയ് മൂന്നുവരെയാണ് യുപിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. 20ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ ആകെ 80 ലോക്സഭാ സീറ്റുകളാണുള്ളത്.