പ്രിയങ്കഗാന്ധി വയനാട്ടിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുവെന്ന സ്ഥിരീകരണം ലഭിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മുമ്പെങ്ങുമില്ലാത്ത സന്തോഷത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഉറ്റമൂലിയായാണ് പ്രിയങ്കയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം നേടിയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്പോരുകളില് വലയുകയാണ്. തൃശൂര്‍ പാര്ട്ടിക്കാര് തമ്മിലുള്ള അടിയും, പോസ്റ്റര്‍ യുദ്ധവും ഇടതടവില്ലാതെ മുന്നേറുകയുമാണ്. കെപിസിസി വിചാരിച്ചിട്ടൊന്നും യാതൊരു ശമനവും ഉണ്ടാകുന്നില്ല.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെസുധാകരനും തമ്മിലുള്ള പോര് എല്ലാ സീമകളും അതിലംഘിച്ചിരിക്കുകയുമാണ്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി കെ സുധാകരന് കെപിസിസി അധ്യക്ഷന്റെ ചുമതല എംഎം ഹസന് കൈമാറിയിരുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചുമതല കൈമാറാന്‍ എംഎം ഹസന് സന്നദ്ധനായില്ല. ഇതിന് പിന്നില്‍ വിഡിസതീശനാണെന്ന് ധരിച്ച കെ സുധാകരന് പാര്‍ട്ടിയില്‍ നിന്നും രാജിവക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെപിസിസി അധ്യക്ഷന്റെ കസേരയില്‍ തിരിച്ചെത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ശീതസമരം രൂക്ഷമാവുകയും ഒരു വേള രണ്ടുപേരെയും തണുപ്പിക്കാന്‍ ഏകെ ആന്റെണി വരെ ഇടപെടുകയും ചെയ്തു. എന്നിട്ടും കാര്യമായ ഫലമൊന്നുമുണ്ടായില്ല.
തൃശൂരിലെ കെ മുരളീധരന്റെ പരാജയം വലിയ പ്രതിസന്ധി തന്നെയാണുണ്ടാക്കിയത്. പതിനെട്ട് സീറ്റില്‍ വിജയച്ചതിന്റെ ശോഭകെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം തൃശൂരില്‍ നടന്നത്. ഇതെല്ലാം വലിയ പ്രതിസന്ധി കോണ്ഗ്രസിനുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനായി എത്തുന്നത്. വയനാട്ടില്‍ മത്രമല്ല അതിനോടൊപ്പം നടക്കുന്ന രണ്ട് നിയമസഭാ ഉപതെരെഞ്ഞെടുപ്പിലെ പ്രചാരണത്തിലും പ്രിയങ്കയുടെ സാന്നിധ്യമുണ്ടാകുമെന്നത് കൊണ്ട് വലിയ സന്തോഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലും സ്ഥാനാര്‍ത്ഥി നിര്ണ്ണയത്തിലുമൊക്കെ പ്രിയങ്കഗാന്ധിയുടെ ഇടപെടലുണ്ടാകും.അതോടെ വിമത ശല്യവും പരസ്പരമുള്ള പാരവയ്പും കുത്തിത്തിരിപ്പും ഒരു പരിധിവരെ കുറയുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. സാധാരണഗതിയില്‍ നിയമസഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കഴിയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പൊട്ടവും ചീറ്റലുമൊക്കെ പതിവാണ്.അധികാരത്തില്‍ നിന്നും പത്തുവര്‍ഷം മാറി നിന്നതിന്റെ ക്ഷീണം കോണ്‍ഗ്രസിനും യുഡിഎഫിനും നല്ലവണ്ണമുണ്ട്്. അതുകൊണ്ട് എന്ത് വന്നാലും ഭരണം പിടിച്ചേ മതിയാകൂ.
രാഹുലിനെക്കാള്‍ കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രിയങ്ക സംസ്ഥാനത്ത് പ്രചാരണത്തിനുണ്ടായാല് യുഡിഎഫിന്റെ വന്‍വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതോടൊപ്പം വിമതശല്യം, ഗ്രൂപ്പ് പോര് എന്നിവയൊന്നും തെരെഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവുകയുമില്ല. പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെടുന്നത് കൊണ്ട് അത്തരം കലാപരിപാടികള്‍ കാഴ്ചവയ്കാന്‍ കോണ്ഗ്രസിലാക്കാര്ക്കും ധൈര്യമുണ്ടാവുകയുമില്ല. ഇതെല്ലാം മുന്‍നിര്‍ത്തി പ്രിയങ്കയുടെ വരവ് എന്തുകൊണ്ടും അനുഗ്രഹമാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
പ്രിയങ്കയെ പൊതുവെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പേടിയാണ്. പലപ്പോഴും രാഹുലിന്റെ അത്രയും സൗഹൃദം പാര്‍ട്ടി നേതാക്കളോട് കാണിക്കാത്തയാളാണ് പ്രിയങ്ക. ഇന്ദിരാഗാന്ധിയുടെ അതേ മുഖഛായ ഉള്ള പ്രിയങ്കയെ കോണ്‍ഗ്രസിനെ അണികള്‍ക്കെല്ലാം വലിയ താല്പര്യവുമാണ്. വരുന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് യുഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന എന്നത് പ്രിയങ്കാഗാന്ധി തന്നെയായിരിക്കും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അതുകൊണ്ട് ‘ റിസ്ക്’ കുറഞ്ഞുകിട്ടിയെന്നാണ് എല്ലാവരും കരുതുന്നത്.
എന്നാല്‍ കേരളത്തിലെ കാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായി പ്രിയങ്കാഗാന്ധി ഏറ്റെടുക്കുന്നത് കൊണ്ട് ചില അപകടങ്ങളുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. കാരണം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയെ തിരുമാനിക്കുന്നകാര്യത്തിലും പ്രിയങ്കക്ക് നിര്‍ണ്ണായക റോളുണ്ടാകും. പ്രിയങ്ക താല്പര്യമെടുത്ത് ശശി തരൂരിനെപ്പോലെയാരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്ന ഭയവും അവര്‍ക്കുണ്ട്. നെഹ്റുകുടുംബാംഗങ്ങളുടെ മനസിലിരിപ്പ് എന്തെന്ന് ദൈവത്തിന് പോലും അറിയാന്‍ കഴിയില്ലന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെ അറിയാം. എങ്കിലും തല്ക്കാലം പ്രിയങ്ക തങ്ങള്‍ക്കൊരു പിടിവള്ളിയാണെന്ന വിശ്വാസത്തിലാണവര്‍.