മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു സൂചികയാണ്. രണ്ട് തന്ത്രങ്ങളാണ് വരുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിർത്തി അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് സിപിഎം വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഒന്ന് പാര്‍ട്ടിയിലെ തന്റെ എതിരാളികള്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്നവരെ മൂലക്കിരുത്താനുളള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുക, രണ്ട് മുസ്ലിം ലീഗിനെ യുഡിഎഫ് പാളയത്തില്‍ നിന്നും തെറ്റിച്ചു കൊണ്ടുവരാനുള്ള വഴിമരുന്നിടുക. ഇതില്‍ ആദ്യത്തേത് രണ്ടാമത്തേതിനെക്കാള്‍ എളുപ്പമാണ്. എ വിജയരാഘവന്, കെകെ ശൈലജ, മന്ത്രി കെ രാധാകൃഷ്ണന്, ടിഎം തോമസ് ഐസക് എന്നിവരാണ് ടാർഗറ്റ്. ഇതില്‍ ആദ്യത്തെയാള്‍ പിബി അംഗവും ബാക്കി മൂന്നു പേര് കേന്ദ്രകമ്മിറ്റിയംഗങ്ങളുമാണ്. അതു മാത്രമല്ല ഇവരില്‍ എ വിജയരാഘവനെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ മറ്റ് മൂന്ന് പേരും താരതമ്യേന ജന പിന്തുണയും പ്രതിഛായയും ഉള്ളവരാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടിയപ്പോള്‍ പിണറായിയെ അറിയാവുന്ന പലരും പറഞ്ഞു, ഇത് കണ്ടു തുള്ളണ്ടാ, 2019 അല്ല 2021 മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന്. അത് വളരെ കൃത്യവുമായിരുന്നു. അതേ പോലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചാലും അദ്ദേഹം കുലുങ്ങില്ല. കാരണം പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികളായ (എന്നുവച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളവര്‍ എന്നര്‍ത്ഥം) കെകെ ശൈലജയും തോമസ് ഐസകും രാധാകൃഷ്ണനും ജയിച്ചു കഴിഞ്ഞാല്‍ അവര്‍ അഞ്ച് കൊല്ലം ഡല്‍ഹിയില്‍ തന്നെ. തോറ്റാല്‍ പിന്നെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കാര്‍ക്കും സീറ്റുണ്ടാകില്ല. അവരുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതോടെ അവസാനിക്കും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ രാഷ്ട്രീയതന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള റിഹേഴ്സലാണ് പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സോഷ്യല്‍ എഞ്ചിനീറിംഗിനെ 2021 ലെ തെരെഞ്ഞെടുപ്പില്‍ എങ്ങിനെ സിപിഎമ്മിന് അനൂകൂലമാക്കാം എന്നതിലായിരുന്നു പിണറായി ശ്രദ്ധ കൊടുത്തിരുന്നത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം നോക്കുന്നത് എതിരാളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഏതൊക്കെയാണെന്നായിരിക്കും. അതിനെ എങ്ങനെ വരും തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായി ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചായിരിക്കും അദ്ദേഹത്തിന്റെ ചിന്ത. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറുതെ അങ്ങിനെ യുഡിഎഫിന് ഭരണം വിട്ടുകൊടുക്കാന്‍ പിണറായി ഒരുക്കമല്ല. എന്നാല്‍ അതിനുള്ള തന്ത്രം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കുകയാവും അദ്ദേഹം ചെയ്യുക.
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ നന്നായി കൈകാര്യം ചെയ്യാനറിയുന്ന നേതാവാണ് പിണറായി വിജയന്. ലോക്സഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പോകുന്ന മുസ്ലിം വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വീഴുന്ന തരത്തിലുള്ള തന്ത്രമായിരിക്കും അദ്ദേഹം രൂപപ്പെടുത്തുക എന്ന് കരുതുന്നവര്‍ ഉണ്ട്. ക്രൈസ്തവ വോട്ടുകളെ പകുതി ബിജെപിയിലേക്ക് തിരിച്ചു വിടാനുള്ള അദ്ദേഹത്തിന്റെ തന്ത്രം വിജയിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് സംഭവിച്ചത് യുഡിഎഫ് നേതൃത്വത്തിന്റെ കഴിവു കൊണ്ടല്ല മറിച്ച് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കുമായി വിഭജിച്ചുപോകേണ്ടിയിരുന്ന ആ തന്ത്രം ഫലിച്ചിരുന്നെങ്കില്‍ യുഡിഎഫിന്റെ പൊടി പോലുമുണ്ടാകില്ലായിരുന്നു കണ്ടുപിടിക്കാന്‍. ബിജെപി നേതൃത്വത്തോട് സഭാ പിതാക്കന്മാര് അനുഭാവം പുലര്‍ത്തുമ്പോഴും വിശ്വാസികള്‍ അതില്‍ വീഴാതെ നിന്നതാണ് പിണറായിയുടെ പരിപാടി ചീറ്റാന്‍ കാരണം. പുതിയൊരു ക്രൈസ്തവ പാര്‍ട്ടിയുണ്ടാക്കാന്‍ അഖിലേന്ത്യാ ബിജെപി നേതൃത്വത്തിന്റെ മാത്രമല്ല പിണറായിയുടെയും മൗനാനുവാദവും ആശീര്‍വാദവും ഉണ്ടായിരുന്നു. എന്നാല്‍ മണിപ്പൂര്‍ സംഭവത്തോടെ അത് പൊളിഞ്ഞു പാളീസായി.
ഇത്തവണയും ലോക്സഭയിലേക്ക് യുഡിഎഫിന് മുന്‍തൂക്കം ഉണ്ടായാല്‍ പോലും അത് അദ്ദേഹത്തിന് കാര്യമായ അലോസരം ഉണ്ടാക്കില്ല. കാരണം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം വന്നാല്‍ മാത്രമേ കേരളത്തില്‍ തനിക്ക് പ്രശ്നം ഉള്ളുവെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. കേന്ദ്രത്തില്‍ ഇത്തവണയും ബിജെപി തന്നെയാണെങ്കില്‍ പിന്നെ മുസ്ലീംലീഗ് യുഡിഎഫില്‍ നിക്കണോ പോണോ എന്നതിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കുമെന്ന് അദ്ദേഹത്തിനറിയാം. അതാണ് പിണറായി വിജയന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നതും.