സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് നല്കിയ സ്വീകരണം കേരളത്തിലെ ഏറ്റവും വലിയ മുസ്ളീം മത പണ്ഡിത സംഘടനയെ പിളര്‍പ്പിന്റെ വക്കത്ത് വരെ എത്തിച്ചിരിക്കുകയാണ്. മുസ്ളീംലീഗിന് മാര്‍ഗനിര്‍ദേശം നല്കുന്ന മതപണ്ഡിത സംഘടനയെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറിയപ്പെടുന്നത്. ഈ സംഘടനയില്‍ നിന്നും 80കളുടെ മധ്യത്തില്‍ പിരിഞ്ഞുപോയ കാന്തപുരം അബൂബക്കര്‍ മുസ്ളിയാരുടെ നേതൃത്വത്തില്‍ ഉള്ള പ്രബല ഗ്രൂപ്പ് എപി സുന്നി വിഭാഗമായിമാറി കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎമ്മിനു നിരന്തര പിന്തുണ കൊടുത്തുവരികയാണ്. സമസ്ത ലീഗിന്റെയും കാന്തപുരം ഇടതിന്റെയും മതപണ്ഡിതസംഘടനയാണ് എന്ന് തമാശ പറയാറുണ്ട്.
മുഹമ്മദ് റിയാസിന് നല്കിയ സ്വീകരണത്തോടെ സമസ്തയില്‍ വടംവലി രൂക്ഷമായിരിക്കുകയാണ്. ചടങ്ങില്‍ നിന്നും മുസ്ളീംലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും വിട്ടുനിന്നതും സമസ്തയുടെ പിണറായി സ്നേഹത്തോടുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ മുസ്ളീംലീഗിനെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണ് എക്കാലവും മുസ്ലീംലീഗിന്റെ പിന്നില്‍ പാറപോലെ ഉറച്ച് നിന്നിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സ്വാധീനമുള്ള മതപണ്ഡിതസംഘടനയെ തനിക്കൊപ്പം പിണറായി കൊണ്ടുവന്നത്. നേരത്തെ സമസ്തക്ക് ലീഗ് രാഷ്ട്രീയവുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളു. സര്‍ക്കാരുകളില്‍ എന്ത് കാര്യം സാധിച്ചെടുക്കണമെങ്കിലും സമസ്തക്ക് മുസ്ളീംലീഗ് വഴി മാത്രമേ അത് നടക്കുമായിരുന്നുള്ളൂ. എന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷം സമസ്തക്ക് നല്കിയ സന്ദേശം ആരുടെയും മധ്യസ്ഥതയില്ലാതെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് എന്തും ആവശ്യപ്പെടാം എന്നായിരുന്നു.
സമസ്തയുടെ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിണറായി വിജയനില്‍ കനത്ത സ്വാധീനമുണ്ടാവുകയും ചെയ്തു. ഇതോടെ മുസ്ളീംലീഗിനോട് സമസ്തക്ക് താല്പര്യം കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ വന്നുകണ്ട യുഡിഎഫ് നേതാക്കളോട് സമസ്ത പിന്തുണക്കുന്നത് പിണറായി വിജയനെയാണെന്ന് പച്ചക്ക് പറഞ്ഞു സംഘടനയുടെ നേതാക്കള്‍. മുസ്ളീംലീഗിന്റെ കാല്ച്ചുവട്ടില് കിടക്കുന്ന സംഘടനയല്ല തങ്ങളെന്നും ലീഗിനെ മധ്യസ്ഥനാക്കി തങ്ങളോട് ആശയവിനിമയം നടത്താന്‍ വരേണ്ടന്നുമാണ് യുഡിഎഫ് നേതാക്കളോട് സമസ്ത പറഞ്ഞത്. എന്നുവച്ചാല്‍ സിപിഎമ്മുമായുള്ള തങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇനി ആരു വിചാരിച്ചാലും സാധിക്കില്ലന്നാണ് സമസ്ത നേതാക്കള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പരസ്യമായി ഇടതു അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെ ലീഗ് കടുത്ത അസംതൃപ്തിയിലുമായിരുന്നു. സുപ്രഭാതം ചീഫ് എഡിറ്ററായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയടക്കമുളളവര് സമസ്തയുടെ ഇടതു അനുകൂല നിലപാടിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. സിപിഎമ്മിനെ പരസ്യമായി പിന്തുണക്കുന്ന തീരുമാനം ഒരു മുസ്ളീം മതപണ്ഡിതസംഘടനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഒട്ടും ആശാസ്യമല്ലെന്നായിരുന്നു ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന് ഉദ്ഘാടനത്തിന് പിണറായിയുടെ മരുമകനും, സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിനെ ക്ഷണിച്ചതാണ് ലീഗിനെ ഇപ്പോള്‍ ചൊടിപ്പിച്ചത്. ലീഗിനെതിരായ റിയാസിന്റെ പ്രസംഗത്തെ തക്ബീര്‍ വിളികളോടെയാണ് സമസ്ത അംഗങ്ങൾ സ്വീകരിച്ചതും. ഇതും വലിയ വിഭാഗീയത സംഘടനയില്‍ ഉണ്ടാക്കിയിട്ടുണ്ട്.
നിരീശ്വരവാദിയായ ഒരാളെ തക്ബീര്‍ ചൊല്ലി പിന്തുണയ്ക്കുന്നത് ബുദ്ധിശൂന്യമാണെന്നും സുപ്രഭാതത്തിന് മാര്‍ഗഭ്രംശം സംഭവിച്ചതുകൊണ്ടാണ് തങ്ങള്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് ലീഗ് നേതാക്കളും പത്രത്തിന്റെ ചീഫ് എഡിറ്ററും പറയുന്നത്. എന്നാല്‍ സമസ്തയിലെ ലീഗ് വിരുദ്ധര്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത് എന്നും വാടകവീട്ടില്‍ കഴിയാനാകില്ലെന്നും സ്വന്തം വീടു വേണമെന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ടാകുമെന്നുമാണ്. എന്ന് വച്ചാല്‍ എപ്പോഴും ലീഗിന്റെ ചായ്പ്പിൽ കിടക്കാന്‍ തങ്ങളെ കിട്ടില്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പറയുന്നത്. 2026 ലെ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ സമസ്തയെ വച്ചൊരു കളി കളിക്കാന്‍ തന്നെയാണ് പിണറായി ഉദ്ദേശിക്കുന്നത്. ആ കളി ലീഗിനെ പൊളിക്കുമോ എന്ന പേടി കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെയുണ്ട്. മുഹമ്മദ് റിയാസിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള ആ നീക്കത്തെ തടയാന്‍ ലീഗിന് കെല്പ്പുണ്ടാകില്ലന്ന് തന്നെയാണ് പിണറായിയുടെ ഉറച്ച വിശ്വാസം.