അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മഹാസമ്മേളനം ഞായാറാഴ്ച ഡല്‍ഹി ബോട്ട് ക്ളബ്ബ് മൈതാനിയില്‍ നടക്കുമ്പോള്‍ നരേന്ദ്രമോദിക്കെതിരെയുള്ള ഐക്യനിരക്ക് കൂടുതല്‍ കരുത്തേറുമെന്നാണ് ഇന്ത്യാമഹാസഖ്യത്തിലെ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ വിശ്വസിക്കുന്നത്. കെജ്രിവാളിനെതിരെയുണ്ടായ നടപടികള്‍ ബിജെപിക്ക് തന്നെ ബൂമറാങ്ങാവുന്ന രാഷ്ട്രീയ പരിതസ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. ഞായാറാഴ്ചത്തെ മഹാസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി, ശരത്പവാര്‍, ഉദ്ദവ്താക്കറേ, അഖിലേഷ് യാദവ് എന്നീ നേതാക്കളാണ് പങ്കെടുക്കുന്നത്.
നരേന്ദ്രമോദി ആഗ്രഹിക്കുന്ന 370 സീറ്റ് എന്ന സ്വപ്നം കൈവരിക്കാന്‍ ബിജെപിക്ക് ഒരിക്കലും കഴിയുകയില്ലെന്ന സന്ദേശം നല്കാന് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. മോദിയുടെ രഥത്തെ കെട്ടഴിച്ചു വിട്ടു കാഴ്ചക്കാരായി നില്ക്കാന് തങ്ങള്‍ ഒരുക്കമല്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ജനങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷത്തിന് നിനച്ചിരിക്കാതെ കിട്ടിയ ആയുധമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മോദിയുടെ വണ്മാന് ഷോയാക്കി മാറ്റാന്‍ പ്രതിപക്ഷം അശേഷം ആഗ്രഹിക്കുന്നില്ല. ഓരോ ഇഞ്ചിലും മോദിക്കും ബിജെപിക്കും കഴിയുന്നത്ര പ്രതിരോധമുയര്‍ത്തണം എന്ന് തന്നെയാണ് ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിനോട് 1800 കോടി രൂപ പിഴയടക്കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഒരിക്കലും അത്രയും പണം അടക്കാന്‍ കോൺഗ്രസിന് കഴിയില്ല. അപ്പോള്‍ ബിജെപിയെയും മോദിയെയും നേരിട്ടു കൊണ്ടുള്ള രാഷ്ട്രീയനീക്കത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ഏക പോംവഴി. കോണ്‍ഗ്രസിന് മാത്രമല്ല ശരത് പവാറിനും അഖിലേഷ് യാദവിനുമൊക്കെ മുമ്പിലുള്ള ഏക മാർഗം മോദിക്കെതിരായ, ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ ശക്തമായി തുടരുക എന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിവരുമ്പോള് ബിജെപിക്ക് ഒരു കാര്യവും അത്ര എളുപ്പമാകരുത് എന്ന ചിന്ത പ്രതിപക്ഷപാര്‍ട്ടികളില്‍ എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും കെജ്രിവാളിന്റെ അറസ്റ്റും പ്രതിപക്ഷത്തിന് വലിയ പാഠങ്ങളാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷം എന്ന ആശയത്തെത്തന്നെ ബിജെപി അംഗീകരിക്കുന്നില്ല എന്നതാണതിൽ മുഖ്യം. യാതൊരു ജനാധിപത്യമര്യാദകളും ബിജെപിയില്‍ നിന്നും നേതാവായ മോദിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ട് മോദിയെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടുക മാത്രമാണ് അതിജീവനമാർഗമെന്ന് ബിജെപിയിതര കക്ഷികളെല്ലാം കരുതുന്നു.
ബിജെപി ചേരിയിലുള്ള ചെറുപാർട്ടികള്‍ക്കും പേടിയുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തങ്ങളെ ബിജെപി വിഴുങ്ങുമോ എന്നാണ് അവർ ഭയക്കുന്നത്. പഞ്ചാബില്‍ അകാലിദള്‍ ബിജെപി സംഖ്യത്തില്‍ നിന്നും പിന്മാറാനുള്ള കാരണവും അതാണ്. മാത്രമല്ല ഒരു കാലത്ത് ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ബിജു ജനതാദള്‍, തെലുഗുദേശം തുടങ്ങിയ പാര്‍ട്ടികളും ബിജെപിയോട് ചേർന്നു നിൽക്കുന്നതില് പൂര്‍ണ്ണ തൃപ്തരല്ല. കാരണം ഏതെങ്കിലും ഒരു ഘട്ടത്തിൽ ബിജെപി തങ്ങളെ അങ്ങ് എടുക്കുമെന്ന ഭയം ഈ പാര്‍ട്ടികള്‍ക്കുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കേന്ദ്രഭരണം എന്നത് തന്നെയാണ് സ്വപ്നം. 400 സീറ്റാണ് അവര്‍ ലക്ഷ്യമിടുന്നതും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ക്കനുകൂലമായി മണ്ഡലങ്ങള്‍ പുന:ക്രമീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളം, തമിഴ്നാട് തുടങ്ങിയയിടങ്ങൾ ഒഴികെ മിക്കവാറും സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഈ ലക്ഷ്യം നേടാന്‍ സാധിക്കും. അതിനെ തടയണമെങ്കില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒറ്റ സ്ഥാനാര്‍ത്ഥി എന്ന തലത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറണം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ലക്ഷ്യം അതാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയും പഴയ ആത്മവിശ്വാസത്തിലല്ലെന്ന് വേണം മനസ്സിലാക്കാൻ. അതുകൊണ്ടാണ് പ്രതിപക്ഷ കക്ഷികളുടെ പ്രചാരണത്തെപോലും അവര്‍ ഭയക്കുന്നത്. ബിജെപിക്കും മോദിക്കും ഈസി വാക്കോവര്‍ നല്‍കില്ല എന്ന പ്രതിപക്ഷത്തിന്റെ ദൃഡനിശ്ചയം എത്രത്തോളം വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്ന് കണ്ടറിയാം