കൊച്ചി: കാല്പാദം മുറിച്ചുമാറ്റി എങ്കിലും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ വലതു കാല്പാദം മുറിച്ചു മാറ്റിയത്. പ്രമേഹവും അണുബാധയും മൂലം ആദ്യം മൂന്നുവിരലുകള്‍ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ അണുബാധ കുറയാതെ വന്നതോടെ പാദം നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കാനം. രണ്ട് മാസത്തിനുള്ളില്‍ കൃത്രിമപാദം വയ്ക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അതിനിടെ ആരോഗ്യപ്രശ്നങ്ങളാല്‍ കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു എന്ന അഭ്യൂഹം പലകോണില്‍ നിന്നും ഉയര്‍ന്നിരുന്നു.എന്നാല്‍ താന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തെ അവധി എടുത്തിരിക്കുകയാണ്. പകരം സംവിധാനം പാര്‍ട്ടി ആലോചിക്കും. അവധി അപേക്ഷ ഈ മാസം 30 ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം പരിഗണിക്കും.
അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ആയിരിക്കും ചുമതലകള്‍ കൈകാര്യം ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെയും പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം കെ. പ്രകാശ് ബാബുവിന്റെയും സേവനവും ലഭിക്കുമെന്നും കാനം വ്യക്തമാക്കുന്നു.2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കൃത്രിമ കാല്പാദവുമയി പൊരുത്തപ്പെട്ട ശേഷം പൊതുരംഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ.