കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമാതാക്കൾ ഒടിടിക്കു നൽകുന്നുവെന്നും 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന സത്യവാംഗ്മൂലം ലംഘിച്ചു എന്നുമാണ് തിയറ്റര്‍ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതികൾ.ബുധനാഴ്ചയ്ക്കകം വിഷയത്തില്‍ പരിഹാരമായില്ലെങ്കിൽ മലയാള ചിത്രങ്ങൾ വ്യാഴാഴ്ച മുതൽ റിലീസ് ചെയ്യില്ലെന്നാണ് ഫിയോക്കിന്റെ തീരുമാനം. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.
സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ആണ് ഫെബ്രുവരി 22-ന് റിലീസിനൊരുങ്ങുന്ന ചിത്രം.