ന്യൂയോര്‍ക്ക്: 2026 ലെ ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പിലെ വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്നും സൂപ്പര്‍ താരത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 ലോകകപ്പിന് തൊട്ടുമുന്‍പും ഇത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് താരം പറഞ്ഞിരുന്നു. ഈ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം. ‘ഖത്തര്‍ ലോകകപ്പിലെ ജയം എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. ഇതിന് വലിയ പ്രാധാന്യമാണ് ഞാന്‍ നല്‍കുന്നത്. ഈ നേട്ടത്തില്‍ ഞാന്‍ സംതൃപ്തനുമാണ്. മുന്‍പ് പറഞ്ഞത് പോലെ തന്നെ അടുത്ത ലോകകപ്പില്‍ ഞാന്‍ കളിക്കാന്‍ ഇല്ല. ഞാന്‍ എന്റെ തീരുമാനം മാറ്റില്ല. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഞാന്‍ അവിടെ വരും. എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കില്ല’ – മെസി പറഞ്ഞു. 2026ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നി രാജ്യങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്.
ഫ്രഞ്ച് ലീഗ് വണിലെ രണ്ട് സീസണുകള്‍ക്ക് ശേഷം മെസി കഴിഞ്ഞ ദിവസമാണ് പിഎസ്ജി വിട്ടത്. നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി താരം കളിക്കും.