ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമാധാനസമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാനശ്രമങ്ങളോട് മാത്രമേ സഹകരിക്കൂ എന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷമാണ് സമാധാന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ട്. ഗവര്‍ണറുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന സമാധാന സമിതിയില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും സിവില്‍ സൊസൈറ്റിയില്‍ നിന്നുള്ള ആളുകളും ഉള്‍പ്പെടുന്നു. കൂടാതെ, മെയ്തി, കുക്കി, നാഗാ വിഭാഗത്തില്‍ നിന്നുള്ളവരും സമിതിയിലുണ്ടാകും. 51 അംഗ സമിതി രൂപീകരിക്കാനാണ് തീരുമാനം. സമിതിയിലെ 25 പേരും മെയ്തി വിഭാഗക്കാരാണെന്നും, കുക്കികള്‍ക്ക് 11 പ്രതിനിധികളെ മാത്രമാണ് ലഭിച്ചതെന്നും കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു. തങ്ങളോട് ആലോചിക്കാതെയാണ് കുക്കി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ തീരുമാനിച്ചത്.
നാഗാ വിഭാഗത്തില്‍ നിന്നും 10 പേരുമാണ് സമിതിയിലുള്ളത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ സമാധാന സമിതിയോട് സഹകരിക്കില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടണം. തങ്ങളുടെ 160 ഗ്രാമങ്ങള്‍ കത്തിയമര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാലേ സഹകരിക്കൂ എന്നും കുക്കി വിഭാഗം വ്യക്തമാക്കി.