ഭോപ്പാല്‍: വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാൻ കോൺഗ്രസ് അഭ്യർഥിക്കുന്നു. വോട്ട് ജിഹാദ് അംഗീകരിക്കാനാകില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പാകിസ്താനിൽ ഇന്ത്യക്കെതിരെ ജിഹാദ് ചെയ്യുമെന്ന് തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നു. മോദിക്കെതിരെ ജിഹാദ് ചെയ്യാൻ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസ് അഭ്യർഥിക്കുന്നു. കോൺഗ്രസ് ഏത് തലത്തിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്.. വോട്ട് ജിഹാദ് അംഗീകരിക്കാനാകുമോ? ജനാധിപത്യത്തിൽ ഇത് അനുവദിക്കാമോ?”-പ്രസംഗത്തില്‍ മോദി ചോദിച്ചു.
രാമക്ഷേത്രം സന്ദർശിച്ചതിനു പീഡനം നേരിട്ടെന്നാണ് ഒരു സ്ത്രീ പറഞ്ഞതെന്നും മോദി തുടർന്നു. അതിന്റെ പേരിൽ കോൺഗ്രസ് വിടേണ്ടിയും വന്നു. മറ്റൊരാൾ പറയുന്നത് കോൺഗ്രസിനെ മുസ്ലിം ലീഗും മാവോയിസ്റ്റുകളും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ്. ഷാബാനു കേസിൽ പിതാവ്(രാജീവ് ഗാന്ധി) ചെയ്ത പോലെ രാജകുമാരൻ(രാഹുൽ ഗാന്ധി) രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി തിരുത്താൻ നോക്കുന്നതായി മറ്റൊരാളും വെളിപ്പെടുത്തിയെന്നും മോദി ആരോപിച്ചു.