മൂന്നാമതും മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന ചില മാറ്റങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാകുമെന്ന സൂചനകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. അതോടൊപ്പം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ചില കനത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നും ബിജെപി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തിന്റെ കടക്കല്‍ കത്തിവെക്കുക എന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കാര്യമാണെങ്കിലും രാജ്യത്തിന്റെ വരുമാനവും വിഭവങ്ങളും ഏകീകൃതമായി കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടുവരിക എന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കാന്‍ പോകുന്നത്. അതുവഴി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നൽകുക എന്നതൊക്കെയാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
നിലവില്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ജിഎസ്ടിയില്‍ പെടുത്തിയിട്ടില്ല. കേന്ദ്ര വില്‍പ്പന നികുതിയും, കേന്ദ്ര എക്സൈസ് ഡ്യുട്ടിയുമാണ് പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം എന്നിവക്കുള്ളത്. അതിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ വലിയ വിലക്കുറവുണ്ടാകും. ശരിക്കും രാജ്യത്തെ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റം ഇതുമൂലമുണ്ടാകുമെന്നും കരുതുന്നുണ്ട്. പെട്രോള്‍ ജിഎസ്ടിയില്‍ പെടുത്തുന്നതിനെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പ് കേന്ദ്രം ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ പെടുത്തിയാല്‍ വലിയ വരുമാന നഷ്ടമാണ് സംസ്ഥാന സര്ക്കാരുകള്ക്കുണ്ടാവുക. മാത്രമല്ല ജിഎസ്ടിയില്‍ പെട്രോളും ഡീസലും വന്നാല്‍ നികുതിയിനത്തില്‍ ഓരോ സംസ്ഥാനത്തിനും എത്രരൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരായിരിക്കും തീരുമാനിക്കുക.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടി ഇതുമൂലമുണ്ടാകും. കേരളത്തില്‍ കിഫ്ബിയിലൂടെ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന സര്ച്ചാര്ജ്ജിലൂടെയുമാണ്. ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ വിൽക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിന് അതില്‍ നിന്നും ലഭിക്കുന്നത് ഒരു രൂപയാണ്. ഇവ ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനായാണ്. ഇന്ധന വില ജിഎസ്ടിയില്‍ എത്തുമ്പോള്‍ സംഭവിക്കുന്നത് അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിൽ കാര്യമായ കുറവാണ്. എന്നാൽ ഇന്ധന വില ജിഎസ്ടിയില്‍ പെടുത്തിയാല്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വലിയ തോതില്‍ വിലകുറയും. ഇതോടെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെങ്ങും ഒരേ സമയം സാധനങ്ങള്‍ക്ക് ഗണ്യമായ തോതില്‍ വിലക്കുറവുണ്ടായാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയുന്നതോടൊപ്പം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച കുറക്കാനും സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. പരിധിയില്ലാത്ത കടമെടുപ്പ് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകരാറിലാക്കുമെന്ന് മാത്രമല്ല സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രപദ്ധതിവിഹിതത്തില് നിന്നും ആ കടം വെട്ടിക്കുറക്കുന്ന അവസ്ഥയുമുണ്ടാകും. 2028 ആകുമ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയാവുക എന്ന ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇത് തടസമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ട് സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തിലാകാന്‍ സാധ്യതയുണ്ട്. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിൽ വരികയാണെങ്കില്‍ സാമ്പത്തിക മേഖലയിലും വിദേശകാര്യരംഗത്തും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ആ മാറ്റങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാൻ കഴിയുകയുമില്ല.