ലോക്സഭാ തളത്തിൽ ഒന്നാം നമ്പർ ശത്രുവായി മാറിയ തൃണമൂൽ നേതാവ് മെഹുവ മൊയ്ത്രക്ക് ഇക്കുറി ബിജെപി നൽകുന്നത് കടുത്ത വെല്ലുവിളി. കൃഷണ നഗർ മണ്ഡലം ഉൾപ്പെട്ട നാദിയ ജില്ലയിലെ കൃഷ്ണ ചന്ദ്ര രാജാവിന്റെ മരുമകളെ -രാജമാത അമൃതാ റോയിയെ ആണ് ബിജെപി മെഹുവക്കെതിരെ രംഗത്തിറക്കുന്നത്. ബിജെപിയുടെ അഞ്ചാം ഘട്ട പട്ടികയിലാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരം രാജമാത സ്ഥാനാർത്ഥിയായി അവതരിക്കുന്നത്.
മാർച്ച് 20 നു ബിജെപിയിൽ ചേർന്ന് നാലേ നാല് ദിവസത്തിനുള്ളിലാണ് അമൃത റോയ് സ്ഥാനാർത്ഥിയാകുന്നത് . നേരത്തെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം ജൂലാൻ ഗോസ്വാമി, സോമ ബിശ്വാസ്, ബംഗാളിലെ പ്രമുഖ നടി എന്നിവരെയാണ് ബിജെപി കേന്ദ്ര നേതൃത്വം കൃഷ്ണ നഗറിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, പെടുന്നനെ രാജമാത ആദ്യം പാർട്ടി മെമ്പർഷിപ്പിലേക്കും പിന്നീട് സ്ഥാനാർഥി പട്ടികയിലേക്കും എത്തുകയായിരുന്നു.
ലണ്ടനിൽ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ സ്റ്റാൻസിൽ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന മെഹുവ മൊയ്ത്ര 2019 ൽ ബിജെപിയുടെ കല്യാൺ ചൗബേയെ 60000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക്സഭയിലേക്ക് എത്തുന്നത്. പിന്നെ നടന്നത് ചരിത്രം, ബിജെപിയുടെ നിരന്തര തലവേദനയായി മാറി സോഷ്യൽ മീഡിയയിൽ താരമായ മെഹുവ ലോക്സഭയുടെ കാലാവധി അവസാനിക്കും മുൻപേ തന്നെ എംപി സ്ഥാനം ഒഴിയേണ്ടിയും വന്നു. ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസിൽ മെഹുവയെ ബിജെപി നിരന്തരം വേട്ടയാടുകയും സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കൊണ്ട് കേസുകൾ എടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മമത ഈ തീപ്പൊരി നേതാവിനെ വീണ്ടും കൃഷ്ണ നഗറിലേക്ക് പോരാട്ടത്തിന് അയക്കുന്നത്.
ചരിത്രപരമായി സിപിഎമ്മിന് വലിയ അടിത്തറ ഉണ്ടായിരുന്ന മണ്ഡലമാണ് കൃഷ്ണനഗർ.രേണു പദ ദാസ് ( 1971 മുതൽ 89 വരെ തുടർച്ചയായി നാലുവട്ടം), അജോയ് മുഖപാദ്യായ ( 1989 മുതൽ 1999 വരെ തുടർച്ചയായി നാലുവട്ടം ) ജ്യോതിർമയി സിക്ദർ എന്നിവർ സിപിഎമ്മിനായി ജയിച്ചു കയറിയ സീറ്റിൽ ഒരു വട്ടം ബിജെപിയും ജയിച്ചിട്ടുണ്ട്- 99 ൽ സത്യബ്രത മുഖർജി. എന്നാൽ, 2009 മുതൽ മണ്ഡലം തൃണമൂലിന്റെ കൈകളിലാണ്. ആദ്യം തപസ് പോളും ഇപ്പോൾ മെഹുവയും ഡൽഹിക്ക് ഇവിടന്ന് പോയപ്പോൾ സിപിഎം വോട്ട് ഷെയർ ക്രമാനുഗതമായി താഴ്ന്നു കൊണ്ടേ ഇരുന്നു. 2009 ൽ ആദ്യമായി തൃണമൂൽ ഈ മണ്ഡലത്തിൽ ജയിക്കുമ്പോൾ ഏതാണ്ട് മൂന്നര ലക്ഷം വോട്ടുണ്ടായിരുന്ന സിപിഎം 2019 ൽ കേവലം ഒന്നേകാൽ ലക്ഷം വോട്ടാണ് നേടിയത്. ഇക്കുറി എസ്.എം സോധിയെന്ന പ്രാദേശിക നേതാവിനെ സിപിഎം മണ്ഡലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നൊഴികെ എല്ലാനിയമസഭാ മണ്ഡലങ്ങളും തൃണമൂലിന്റെ കൈയ്യിലാണ് . കണക്കിൽ നോക്കുമ്പോൾ ശക്തമായ നില. എന്നാൽ ബിജെപിയുടെ നമ്പർ വൺ ശത്രു എന്ന പേരോടെ രാജമാതക്ക് എതിരെ ഇറങ്ങുമ്പോൾ മെഹുവക്കും തൃണമൂലിനും ഇരട്ടി കരുതൽ വേണ്ടി വരും എന്നതാണ് യാഥാർഥ്യം.