മലപ്പുറം: സിപിഎം വെല്ലുവിളിക്കുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി അൻവർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ജനപിന്തുണയുണ്ടെങ്കിൽ മാത്രം പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അൻവർ പറഞ്ഞു. ഞാൻ തീരുമാനിച്ചാൽ എൽഡിഎഫിന്റെ 25 പഞ്ചായത്തുകൾ പോകും.അത് മലപ്പുറത്തെ മാത്രം കണക്ക്, കോഴിക്കോടും വേണ്ടിവന്നാൽ പാലക്കാടുമൊക്കെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാകുമെന്നും അൻവർ വെല്ലുവിളിച്ചു.
മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയുമാക്കി. വർഗീയവാദിയല്ല എന്ന് തെളിയിക്കേണ്ട അധിക ബാധ്യതയായി വന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതുയോഗം വിപ്ലവമായി മാറുമെന്നും അൻവർ പറഞ്ഞു. പരിപാടിയെ കുറിച്ച് ജനങ്ങൾ വിലയിരുത്തട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യോഗത്തിൽ പാർട്ടി പ്രവർത്തകരോടും സിപിഎം ജനപ്രതിനിധികളോടും പങ്കെടുക്കണമെന്ന് ആവശ്യപെട്ടിട്ടില്ല.എനിക്കെതിരെ ഇനിയും കേസുകൾ വരും. പാർക്കിൻ്റെ കാര്യത്തിലും അതാണ് വരുക. അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കൾ ആശങ്കയിലാണ്. എന്റെ നെഞ്ചത്ത് കയറുന്നതിന് പകരം സർക്കാർ യുവാക്കളെ അഡ്രസ് ചെയ്യണം. യൂറോപ്യൻ രാജ്യങ്ങളിൽ പോലും പ്രതിസന്ധിയാണ്. യുവാക്കൾക്കായി കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കണം. അൻവർ പറഞ്ഞു.തടയണ പൊളിക്കൽ സംബന്ധിച്ച ചോദ്യത്തിന് പൊളിക്കാൻ തടയണ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏത് തടയണയാണ് പൊളിക്കുന്നതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം സ്വർണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും ചോദിച്ചു. മനപൂർവമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പി. ശശിക്ക് സ്വർണ കടത്തിൽ പങ്കുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.