സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നാല്‍ കേന്ദ്രസമീപനത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വലിയി തിരിച്ചടിയായിരുന്നു 2024-25 ലെ കേന്ദ്ര ബഡ്ജറ്റ്. സംസ്ഥാനത്ത് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടുപോലും അതിന്റെ പ്രയോജനം ലഭിച്ചില്ലന്നത് സംസ്ഥാന ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി മാറി. ഇടതു- വലതു മുന്നണികള്‍ തങ്ങള്‍ക്കെതിരെ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി കേരളത്തിനായി ചില പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
വിഴിഞ്ഞം പദ്ധതി, എയിംസ്, നാഷണല്ഹൈവെ വികസനം, റെയില്‍വെ വികസനം ഇങ്ങനെ കുറെ പദ്ധതികള്‍ക്ക് പണം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. വരുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര അവഗണന മുഖ്യ പ്രചരണ ആയുധമായാല്‍ തങ്ങള്‍ വെള്ളം കുടിക്കുമെന്ന് ബിജെപി നേതൃത്വത്തിനറിയാം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പിടിച്ചു നില്ക്കണമെങ്കില് കേന്ദ്രത്തില്‍ നിന്ന് എന്തെങ്കിലും പ്രഖ്യാപനമുണ്ടായാലേ പറ്റൂ എന്ന നിലയിലാണ് സംസ്ഥാന ബിജെപി. രണ്ടു കേന്ദ്രമന്ത്രിമാരെ ഉപയോഗിച്ചുകൊണ്ട് സമ്മര്‍ദ്ധം ചെലുത്തി കേരളത്തിനായി ചില പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാത്തത് രാഷ്ട്രീയമായി എതിരാളികള്‍ മുതലെടുക്കുമെന്ന സൂചന കേരളത്തിലെ ബിജെപി നേതൃത്വം നല്‍കിക്കഴിഞ്ഞു.തൃശൂരില്‍ വലിയൊരു വിജയം ഉണ്ടായിട്ടും ആ മണ്ഡലത്തിന്റെ വികസനത്തിന് കാര്യമായ ഒരു പ്രഖ്യാപനവും ബഡ്ജറ്റിലുണ്ടാകാതിരുന്നതും ബിജെപി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര ബിജെപി നേതാക്കളുടെ മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചതായി അറിയുന്നു. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവേദ്കര് വഴിയാണ് കേരളത്തിനോടുളള അവഗണന കേന്ദ്ര ബിജെപി നേതൃത്വത്തെ ധരിപ്പിച്ചതത്രെ. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും ഈ ബജറ്റിനെക്കുറിച്ച് വലിയ പരാതികള്‍ ഉണ്ടെന്നും ഭരണം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായ കാര്യങ്ങളാണ് ആദ്യ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചതായും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് തന്നെ ചന്ദ്രബാബു നായ്ഡുവിനും, നിതീഷ് കുമാറിനും കൊടുത്ത ഉറപ്പാണ് രണ്ടുപേരുടെ സംസ്ഥാനങ്ങള്‍ക്കുമുള്ള പ്രത്യേക പാക്കേജെന്നും അത് നല്കിയില്ലങ്കില് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കേന്ദ്ര ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കാര്യമായി ബജറ്റില്‍ ഒന്നും പ്രഖ്യാപിക്കാതിരുന്നത് അതുകൊണ്ടാണെന്നും ബിജെപി കേന്ദ്ര നേതൃത്വം വിശദീകരിച്ചതായി അറിയുന്നു.
എന്നാല്‍ കേരളം ഇനി തെരഞ്ഞെടുപ്പുകളിലേക്ക് പോവുകയാണെന്നും പദ്ധതികള്‍ ഒന്നും സംസ്ഥാനത്തിനില്ലങ്കില് രണ്ടു മുന്നണികളുടെയും പ്രചാരണത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന് കഴിയില്ലന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മുന്ന് ഉപ തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പും അതിനു ശേഷം മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പും വരും. ഇതിലൊക്കെ ബിജെപിക്ക് എന്തെങ്കിലും നേട്ടങ്ങളുണ്ടാകണമെങ്കില് കാര്യമായ എന്തെങ്കിലും പാക്കേജുകള്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിനായി ഉണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിനായി ഹൈവേ വികസനം, വിഴിഞ്ഞം, തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേരളാ ബിജെപി നേതൃത്വം സമ്മര്‍ദ്ധം ചെലുത്തുന്നത്.
ഒരു കേരളാ പാക്കേജാണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കിലും അത്തരത്തിലൊന്ന് ഉണ്ടാകാന്‍ സാധ്യതയില്ലന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ബജറ്റിന് പുറത്ത് എന്തെങ്കിലും ചില പ്രഖ്യാപനങ്ങള്‍ കേരളത്തിനായി ഉണ്ടാകുമെന്ന സൂചനയും കേന്ദ്ര സര്‍ക്കാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്്. അതിലാണ് ഇപ്പോഴുള്ള പ്രതീക്ഷയും.