ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കെജ്രിവാൾ ജയിലിലേക്ക് പോകുമ്പോഴുള്ള സാഹചര്യമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് ചിത്രവും മാറിമറിഞ്ഞു. ബി ജെ പിയുടെ നാനൂറു സീറ്റിന്റെ ആത്മവിശ്വാസത്തെ ജനങ്ങൾ തള്ളിക്കളഞ്ഞ സാഹചര്യമാണ്. പ്രധാനമന്ത്രിയും ബിജെപിയും പോലും പതറിയെന്ന് പ്രത്യക്ഷത്തിൽ തന്നെ വിലയിരുത്താവുന്ന സാഹചര്യത്തിലേക്കാണ് കൂടുതൽ കരുത്തനായി കെജ്രിവാൾ വരുന്നത്.
ആം ആദ്മിക്ക് സ്വാധീനമുള്ള ഡൽഹിയിലും ഹരിയാനയിലും പഞ്ചാബിലും കെജ്രിവാൾ ഇൻഡ്യാ സഖ്യത്തിനായി പ്രചാരണത്തിന് ഉണ്ടാകരുതെന്നാണ് ബിജെപി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ആ സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനു മുൻപ് തന്നെ സുപ്രീംകോടതി കെജ്രിവാളിനെ ജയിൽ മോചിതനാക്കി. ഒരു ഇരയുടെ,. പോരാളിയുടെ പരിവേഷവുമായി കെജ്രിവാൾ എത്തുമ്പോൾ ഈ മൂന്നു സംസ്ഥാനങ്ങളിലെ 31 സീറ്റുകളിൽ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും, ഡൽഹി പൂർണമായും ഹരിയാനയിൽ ഒന്നൊഴികെ എല്ലാതും ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ.
2019 നെ അപേക്ഷിച്ച് വോട്ട് ചെയ്യുന്നതിൽ ജനങ്ങൾ ഉദാസീനരാണ്. വോട്ടിങ് ശതമാനത്തിലെ കുറവ് ഭരണ വിരുദ്ധ തരംഗത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.സർവ്വ ജനാധിപത്യ മര്യാദകളെയും പ്രതിപക്ഷ ബഹുമാനവും തള്ളിക്കളഞ്ഞാണ് ബി ജെ പി കളിച്ചത്. ഈ കളി തിരിച്ചടിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും നിലനിൽക്കുന്നു. കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദത്തിനിടെ വ്യക്തമാക്കുകയുണ്ടായി. 2022-ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ് രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.
ജൂണ്‍ രണ്ടിന് കെജ്രിവാള് കീഴടങ്ങണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കില്ല. ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിലഴിക്കുള്ളിലാക്കുമ്പോൾ പൊതുതിരഞ്ഞെടുപ്പ് ചിത്രം ആം ആദ്മി പാർട്ടിക്കും ഇന്ത്യ സഖ്യത്തിനും മുമ്പിൽ അവ്യക്തമായിരുന്നു. പക്ഷെ ഇപ്പോൾ ഇന്ത്യ മുന്നണിക്കും ആം ആദ്മി പാർട്ടിക്കും ലഭിക്കുന്ന ഊർജ്ജം ചെറുതൊന്നുമല്ല. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റ് ചെയ്ത കെജ്രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ. ഏപ്രിൽ ഒന്നിനാണ് ഇ.ഡി. കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ ജയിലിലേക്കയക്കുന്നത്. ഏപ്രിൽ 15 വരെ അദ്ദേഹത്തെ റിമാൻഡ് ചെയ്തു.
ഇതിനിടെ ജയിലിൽ വെച്ച് കെജ്രിവാളിനെ വധിക്കാനുള്ള ശ്രമം നടന്നതായി ആരോപണം ഉയർന്നു. കെജ്രിവാളിന് ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആം ആദ്മി പാർട്ടിയും ഭാര്യ സുനിതയും ആരോപിച്ചത്. തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് മുന്നൂറിനും മേലെ ആയതിന് പിന്നാലെ അദ്ദേഹത്തിന് ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ തയ്യാറാവുകയായിരുന്നു. ബി ജെ പിക്കാരെ വെറുക്കരുത് എന്നു പോലും ഇതിനിടെ അദ്ദേഹം പ്രസ്താവനയിറക്കി. സാധാരണക്കാരന്റെ മനസുകളിലേക്ക് പാലമിട്ടു.
കെജ്രിവാളിന്റെ അറസ്റ്റോടെ യു.എസ്, ജർമനി അടക്കമുള്ള രാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇത് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കിയതോടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പ് അഞ്ചുവർഷത്തിലൊരിക്കലാണ്. മാത്രവുമല്ല, കെജ്രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയൊന്നുമല്ലെന്നും കോടതിയും പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാള് പുറത്തെത്തുന്നത്. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം രണ്ട് തവണ മെഗാ റാലി നടത്തിയിരുന്നു. ഇതില്‍ രണ്ടിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മേയ് 25ന് ആണ് ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ 7 ലോക്സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ 7ലും ബിജെപി തന്നെയാണ് ജയിച്ചത്. പക്ഷെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സഖ്യതീരുമാനം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു മദ്യ നയ അഴിമതി കേസില്‍ കെജ്രിവാളിനെ അകപ്പെടുത്തിയത്. ബി ജെ പിയുടെ രാഷ്ട്രീയ കണക്കു കൂട്ടലിന് പിന്നീൽ സഖ്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷെ, കൂടുതൽ രാഷ്ട്രീയക്കരാനായാണ് തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കാറ്റ് മാറി വീശുമ്പോൾ കെജ്രിവാൾ താത്കാലികമായി എങ്കിലും പുറത്തിറങ്ങുന്നത്.