അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ദില്ലി മുഖ്യമന്ത്രിയാകുമോ? രാജ്യതലസ്ഥാനത്ത് ഇപ്പോൾ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമിതാണ്. അങ്ങനെ സംഭവിച്ചാല്‍ ആം ആദ്മി പാര്‍ട്ടി ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്ന രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതത്തിനെതിരായ പോരാട്ടമെന്ന ആശയം തന്നെ ഇല്ലാതാകുമെന്നു ചിന്തിക്കുന്നവരുണ്ട്. ഭാര്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണെങ്കില്‍ ലാലു പ്രസാദും അരവിന്ദ് കെജ്രിവാളും തമ്മില്‍ എന്ത് വ്യത്യാസം എന്ന ചോദ്യം ഉയരും.
ജയിലില്‍ നിന്ന് ഏറെനാൾ ഭരിക്കുക പ്രായോഗികമല്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി അരവിന്ദ് കെജ്രിവാള് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മാസം 27ന് ശേഷം മാത്രമേ കെജ്രിവാളിന്റെ പെറ്റീഷന് ദില്ലി ഹൈക്കോടതി കേള്‍ക്കാന്‍ സാധ്യതയുളളു. ഹൈക്കോടതി വിധി എതിരായാല്‍ കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പറ്റില്ല. അപ്പോള്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടുപിടിച്ചേ മതിയാകൂ. അങ്ങനെ വരുമ്പോഴാണ് കെജ്രിവാളിന്റെ ഭാര്യയും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയുമായ സുനിതാ കെജ്രിവാളിന്റെ പേര് ഉയര്‍ന്ന് വരുന്നത്. 2016ല്‍ സുനിത സര്‍വ്വീസില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തിരുന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ഭർത്താവിനെ ഇഡി കസ്റ്റഡിയില്‍ പോയി കണ്ടതിന് ശേഷം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും കെജ്രിവാള് നല്കിയ സന്ദേശം സുനിതയാണ് എല്ലാവരെയും അറിയിച്ചത്. അരവിന്ദ് കെജ്രിവാള് ഉപയോഗിക്കുന്ന കോണ്‍ഫ്രന്‍സ് ഹാളിലെ അതേ കസേരയിലിരുന്നാണ് അവര്‍ സന്ദേശം വായിച്ചതും. ഇതാണ് സുനിതയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിയത്.
എന്നാല്‍ ഡല്‍ഹി വിദ്യാഭ്യാസമന്ത്രിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കെജ്രവാളിന് വേണ്ടി നിരന്തരം വാദിക്കുന്നയാളുമായ ആതിഷി മെര്‍ലേനയെ മുഖ്യമന്ത്രി ആക്കാൻ കെജ്രിവാള് താല്പര്യപ്പെടുന്നുവെന്ന സൂചനകളുമുണ്ട്. കെജ്രിവാളിന് ഏതായാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക അത്ര എളുപ്പമല്ല. ജയിലില്‍ നിന്നും ഇറക്കുന്ന ഉത്തരവുകള്‍ക്ക് നിയമസാധുതയുമില്ല. ഭരണസ്തംഭനം ഉണ്ടായാൽ മന്ത്രിസഭ പിരിച്ചുവിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ശുപാര്‍ശ നല്‍കുമെന്ന സാഹചര്യവുമുണ്ട്. അതുകൊണ്ട് എഎപിയെയും കെജ്രിവാളിനേയും സംബന്ധിച്ചിടത്തോളം ഭരണസ്തംഭനമൊഴിവാക്കിയേ മതിയാകൂ. അതിന് പുതിയ മുഖ്യമന്ത്രി വരണം. ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ അടുത്തയാളുമായ മനീഷ് സിസോദിയ ഒരു വര്‍ഷമായി ജയിലിലാണ്. കെജ്രിവാള് കൂടി ജയിലിലാകുമ്പോൾ എഎപി നാഥനില്ലാക്കളരിയായി മാറുമോ എന്ന ഭയവും ഉണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും ഇഡി നോട്ടമിടുന്നുണ്ട്. ഭഗവന്ത് മാന്‍ അറസ്റ്റിലായാല്‍ പഞ്ചാബിലും ഇതു തന്നെയാകും അവസ്ഥ. അവിടെയും സര്‍ക്കാര്‍ വീണേക്കാം.
തെരഞ്ഞെടുപ്പ് കഴിയുംവരെ കെജ്രിവാളിനെയും സംഘത്തെയും കൈകാര്യം ചെയ്യാന്‍ തന്നെയാണ് ബിജെപിയുടെയും മോദിയുടെയും തീരുമാനം. ഇലക്ടറല്‍ ബോണ്ട് വിഷയം അത്രയേറെ തിരിച്ചടി ബിജെപിക്ക് ഉണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ അത് ചര്‍ച്ചയാകാതിരിക്കാന്‍ ബിജെപി നോക്കും. കാരണം അങ്ങനെ വന്നാൽ അത് ബിജെപിയുടെ മധ്യവര്‍ഗ വോട്ടുബാങ്കിനെ ബാധിക്കും. മോദി അഴിമതിക്ക് അതീതനാണ് എന്ന ബിജെപിയുടെ അവകാശവാദമാണ് അവര്‍ക്ക് ഇടത്തരക്കാർക്കിടയിലും നഗരങ്ങളിലും ജനസമ്മതി നേടിക്കൊടുക്കുന്നത്. ആം ആദ്മിയുടെ അഴിമതി വിരുദ്ധ പ്രതിഛായ തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ നേരിടാൻ എറ്റവും മികച്ച ആയുധങ്ങളുള്ള പാര്‍ട്ടിയാണ് എഎപി. കോണ്‍ഗ്രസിനെക്കാളും ബിജെപി ഭയക്കുന്നതും കെജ്രിവാളിനെയും ആം ആദ്മിയെയുമാണ്. ഇതെല്ലാം മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ആംആദ്മിക്ക് മുന്നില്‍ കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളാണ് ഇനിയുണ്ടാകാന്‍ പോകുന്നത്. കെജ്രിവാളിന്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് എഎപി ശ്രമിക്കുന്നതെങ്കില്‍ ആ പാര്‍ട്ടിയുടെ ഭാവി ഇനിയൊട്ടും ശോഭനമാകില്ലന്ന് സംശയിക്കേണ്ടി വരും.