വൈഎസ് ആര് കോണ്‍ഗ്രസ് നേതാവും ആന്ധ്രയുടെ മുന്‍മുഖ്യമന്ത്രിയുമായ ജഗന്മോഹന് റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമോ? അവിഭക്ത ആന്ധ്രാപ്രദേശിന്റെ എക്കാലത്തെയും ജനകീയ നേതാവായിരുന്ന വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന് അദ്ദേഹത്തിന്റെ മരണ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ട് ആന്ധ്രയുടെ ഭരണം പിടിക്കുകയും ചെയ്തത് ചരിത്ര സംഭവമായിരുന്നു. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ ജഗന്റെ പാര്‍ട്ടിക്ക് ആന്ധ്രയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലന്ന് മാത്രമല്ല കനത്ത തിരിച്ചടിയാണ് തെലുഗുദേശത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതും. ചന്ദ്രബാബുനായ്ഡുവാകട്ടെ ബിജെപിക്ക് കേന്ദ്രത്തില്‍ നല്കുന്ന പിന്തുണയെ തുടര്‍ന്ന് വലിയ തോതിലുള്ള പദ്ധതികള്‍ ആന്ധ്രയിലേക്ക് കൊണ്ടുവരിയാണ്. അതുകൊണ്ട് പഴയതു പോലെ ബിജെപി ചായ് വുമായി പിടിച്ചുനില്ക്കാന് കഴിയില്ലന്ന് ജഗന് മനസിലായി. ഇതോടെയാണ് ആദ്യം ഇന്ത്യാ മുന്നണിയിലേക്കും അതിലൂടെ പിന്നീട് കോണ്‍ഗ്രസിലേക്കും ചേക്കേറാന്‍ ജഗന്മോഹന് റെഡ്ഡി ലക്ഷ്യമിടുന്നത്.
ഭരണം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടിയില്‍നിന്ന് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കും ടി.ഡി.പി പ്രവര്‍ത്തകരുടെ കടന്നാക്രമണങ്ങളും വൈ.സ്.ആര്.കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിരിക്കുകയാണ്. തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്നാരോപിച്ച് വൈ.എസ്.ആര്. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കഴിഞ്ഞദിവസം പ്രതിഷേധം നടത്തുകയുണ്ടായി. ഈ പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ത്യാസഖ്യത്തിലെ പ്രമുഖ നേതാക്കളുമെത്തിച്ചേര്ന്നതാണ് ജഗന്റെ കോണ്‍ഗ്രസ് പ്രവേശനത്തിനെക്കുറിച്ച് സൂചനകള്‍ ഉയരാന്‍ കാരണം.സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എം.പി.മാരായ പി.വി. അബ്ദുള്‍ വഹാബ്, ഹാരിസ് ബീരാന് എന്നിവരാണ് ആദ്യം പ്രതിഷേധ വേദിയിലെത്തിയത്. തുടര്‍ന്ന് ശിവസേന (ഉദ്ധവ് താക്കറെ), തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളുമെത്തി. ഇന്ത്യ സഖ്യകക്ഷികള്‍ക്കു പുറമേ എന്‍.ഡി.എ. മുന്‍ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ.യും ജഗന്മോഹന് റെഡ്ഡിക്ക് ഐക്യദാര്‍ഢ്യവുമായെത്തി. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിനൊപ്പമാണെന്ന് സന്ദര്‍ശനത്തിനെത്തിയ ചില നേതാക്കള്‍ പ്രസ്താവന നടത്തിയതും ശ്രദ്ധേയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയുമായി എത്തിയവരെ അവര്‍ പിണക്കില്ലെന്നാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്.
2011-ല്‍ രൂപീകരണം മുതല്‍ ജഗന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിയിലോ ബിജെപി നേതൃത്വം നല്കുന്ന മുന്നണിയിലോ ഔദ്യോഗികമായി ചേര്‍ന്നിട്ടില്ല. എന്നാല്‍, എന്‍.ഡി.എ.യുടെ ഭാഗമല്ലായിരുന്നെങ്കിലും മോദിസര്ക്കാരുകള്ക്ക് വൈ.എസ്.ആര്. കോണ്‍ഗ്രസ് നിര്‍ണായകഘട്ടങ്ങളില്‍ പിന്തുണ നല്‍കിയിരുന്നു. ഇത്തവണ സ്പീക്കര്‍ തിരഞ്ഞെടുപ്പിലും എന്‍ഡിഎ സ്ഥാനാര്‍ഥിയെ ആണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.എന്നാല്‍, കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക സഹായം നല്കി ടിഡിപിയെ എന്‍ഡിഎയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമം ആരംഭിച്ചതോടെ ഇനി മോദിക്കൊപ്പം നിന്നിട്ട് കാര്യമില്ലന്ന് ജഗന് മനസിലായി. മാത്രമല്ല ടിഡിപിയും ചന്ദ്രബാബു നായ്ഡുവും തന്നെ കേസുകളില്‍ കുടുക്കിയിടാനുള്ള നീക്കങ്ങള്‍ നടത്തുന്നതായും ജഗന് മനസിലായി. വരു ദിവസങ്ങളില്‍ കോടികളുടെ അഴിമതിക്കേസുകളാണ് ജഗനെതിരെ ആന്ധ്രയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ പോകുന്നതെന്നാണ് സൂചന.
ജഗന്റെ പിതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡി മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, 2011-ല്‍ കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞാണ് അദ്ദേഹം വൈഎസ്ആര്‍സിപി രൂപവത്കരിച്ചത്. രാജശേഖര്‍ റെഡ്ഡി മുഖ്യമന്ത്രിയായിരിക്കേ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജഗന്മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. ഇതംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തെയ്യാറായില്ല. അതോടെ വിമതപ്രവര്‍ത്തനം തുടങ്ങിയ ജഗനെ ഒതുക്കാനാണ് 2009-ല്‍ യുപിഎ സര്‍ക്കാര്‍ ആന്ധ്രയെ വിഭജിച്ചത് . എ്ന്നാല്‍ വിഭജനത്തിന് ശേഷം ആന്ധ്രയില്‍ കോണ്‍ഗ്രസിന് അടിവേര് നഷ്ടപ്പെട്ടിരുന്നു. തെലങ്കാനയില്‍ ചന്ദ്രശേഖരറാവുവിന്റെ തെലെങ്കാനാ രാഷ്ട്ര സമതിയും ആന്ധ്രയില്‍ ആദ്യം ചന്ദ്രബാബു നായ്ഡുവും പിന്നീട് ജഗന്മോഹനും അധികാരത്തില്‍ എത്തി.
തുടച്ചുനീക്കപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് തെലുങ്കാനയില്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുന്നത്.ഇതോടെയാണ് ആന്ധ്രയിലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ വകയുണ്ടായതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായ്ഡു അധികാരത്തില്‍ വന്നതോടെ നിക്കക്കള്ളിയില്ലാതായ ജഗന്മോഹന് റെഡ്ഡിക്ക് പ്രതിപക്ഷ മുന്നണിയുടെ പിന്തുണയില്ലങ്കില് ആന്ധ്രയില്‍ നിലനില്ക്കാന് പറ്റാത്ത അവസ്ഥ സംജാതമാവുകയായിരുന്നു.ഇതോടെയാണ് ജഗന് കളം മാറ്റിച്ചവുട്ടിതുടങ്ങിയത്.