തൃശൂരിന് വടക്കോട്ടുള്ള കേരളത്തെ നമ്മള് പൊതുവെ വിളിക്കുന്നത് മലബാര്‍ എന്നാണ്. സി പി എം കഴിഞ്ഞാല്‍ ആ മേഖലയിലെ ഏഴ് ജില്ലകളില്‍ ഏറ്റവും സുശക്തമായ രാഷ്ട്രീയപാര്‍ട്ടി ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗാണ്. യു ഡി എഫിലെ ഒന്നാമത്തെ ഘടക കക്ഷി കോണ്‍ഗ്രസാണെങ്കിലും ആ മുന്നണിയുടെ ചാലക ശക്തി മുസ്ലിംലീഗാണ്.
ലീഗ് പിണങ്ങിക്കഴിഞ്ഞാല്‍ മലബാറിൽ കോണ്‍ഗ്രസ് പലപ്പോഴും അടിമുടി വിയര്‍ക്കും. കാരണം മലബാര്‍ മേഖലയില്‍ പലയിടത്തും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബൂത്തിലിരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൂടി ജയിപ്പിക്കേണ്ട ബാധ്യത പലപ്പോഴും ലീഗിന്റെ് തലയിലാണ് വരുന്നത്. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളിലും, റാലികളിലുമെല്ലാം പലപ്പോഴും ആളെക്കൂട്ടുന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കില്‍ ആ പാര്‍ട്ടി കടുത്ത അസംതൃപ്തിയിലുമാണ്.അത് കൊണ്ട് തന്നെയാണ് മുസ്ലിംലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന് ചിലരെങ്കിലും കരുതുന്നതും.
ലീഗ് രണ്ടുവള്ളത്തിലും കാലുവച്ച് നില്‍ക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും ഇടതുമുന്നണിയിലേക്ക് പോകാമെന്നും വലിയ പ്രചരണങ്ങള്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നടക്കുന്നുണ്ട്. ഒറ്റക്ക് നിന്നാല്‍ പോലും 8-10 നിയമസഭാ സീറ്റും, രണ്ട് ലോക്സഭാ സീറ്റും പിടിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ലീഗ്. സ്വന്തം ശക്തിയെക്കുറിച്ച് നന്നായി അറിയുന്ന പാര്‍ട്ടി എന്നു തന്നെ പറയാം. എന്നാല്‍ 1982 ല്‍ യുഡി എഫ് ഉണ്ടായ കാലം മുതല്‍ ആ മുന്നണിയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് അവരെ മൊഴി ചൊല്ലി ഇടതു മുന്നണിയുടെ ഭാഗമാകുമോ എന്നതാണ് ചോദ്യം?
അടുത്തകാലത്തൊന്നും ഉണ്ടാകില്ലന്നാണ് ഉത്തരം.
എന്താണ് അതിന് കാരണം?
ഇപ്പോള്‍ ലീഗിനെ കൂടെക്കൂട്ടാന്‍ സി പി എമ്മിന് താല്പര്യം ഇല്ല എന്നത് തന്നെയാണ് പ്രധാന കാരണം. ലീഗിനെ യു ഡി എഫില്‍ തന്നെ നിലനിര്‍ത്തി ശക്തി ചോര്‍ത്തി ആ പാര്‍ട്ടിയുടെ അണികളെ പിടിച്ചെടുക്കുക എന്ന തന്ത്രമാണ് സിപിഎം പ്രയോഗിക്കുന്നത്. പി വി അന്വറിനെും മന്ത്രി അബ്ദുള്‍ റഹിമാനെയും കെ ടി ജലീലിനെയും ഒക്കെ ഉപയോഗിച്ച് വളരെ നന്നായി ആ പണി സി പി എം ചെയ്യുന്നുമുണ്ട്. മുസ്ലിം ലീഗിനെ മുന്നണിയില്‍ എടുത്താല്‍ അത് കേരളത്തില്‍ ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക പ്രത്യാഘാതത്തെക്കുറിച്ച് സി പി എമ്മിന് നല്ല ബോധ്യമുണ്ട്.
തങ്ങളെ ഇടതുമുന്നണിക്ക് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലന്ന് മുസ്ലിംലീഗിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ തങ്ങളുടെ അണികളെ സി പി എം കൊണ്ടുപോകാതിരിക്കുക എന്ന തന്ത്രത്തിനാണ് ലീഗ് ഇപ്പോള്‍ ഊന്നല്‍കൊടുക്കുന്നത്. ഗാസ വിഷയത്തിലും, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലും ഒക്കെ മുസ്ലിം ലീഗ് കടുത്ത നിലപാട് എടുത്തതും അതുകൊണ്ടാണ്. അതേ സമയം 2026 ലെ അസംബ്ളി തിരഞ്ഞെടുപ്പിലും യു ഡി എഫിന് ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ലീഗിന് ഇപ്പോഴും വലിയ രൂപമില്ല. ഇനി ഒരു തവണ കൂടി ഭരണത്തിന് പുറത്തിരിക്കുന്ന കാര്യം ആ പാര്‍ട്ടിക്ക് ചിന്തിക്കാന്‍ കഴിയുകയുമില്ല.
മൂന്നാം സീറ്റിന്റെ തര്‍ക്കമൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിപക്ഷത്ത് തന്നെയായിരിക്കുമെന്ന ചിന്തയും മുസ്ളീം ലീഗിനെ വല്ലാതെ അലട്ടുന്നുണ്ട്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വന്‍ വിജയം പോലും തങ്ങളുടെ ഹൃദയപൂര്‍വ്വമുള്ള സംഭാവനയാണെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഇടക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലീഗിന്റെ അസംതൃപ്തിയെ വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകരുമെന്ന കാര്യത്തില്‍ വലിയ സംശയം ഒന്നുംവേണ്ടാ.
ഒരു കാലത്ത് കോണ്‍ഗ്രസിന് മൊത്തത്തില്‍ ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകളില്‍ വലിയൊരു പങ്ക് അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. സ്വന്തമായി വോട്ടുബാങ്കില്ലാത്ത പാര്‍ട്ടിയായി കേരളത്തിലെ കോണ്‍ഗ്രസ് മാറുന്ന കാഴ്ച ലീഗ് സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. തല്ക്കാലം ഇടതുമുന്നണിയിലേക്കില്ലെങ്കിലും നന്നാവാന്‍ കോണ്‍ഗ്രസിന് ഉദ്ദേശമില്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ വഴി നോക്കുമെന്നാണ് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ടു വേണ്ടേ മുന്നണിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍.