തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് വിഷമമാണ്. കോടതി വിധി പരിശോധിച്ച ശേഷം ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.
അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവ്. സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റീസ് അമിത് റാവലിന്റെ ബെഞ്ച് നിര്‍ദേശം നല്കി. പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍മാരോടാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24ലേക്ക് മാറ്റിയിട്ടുണ്ട്.