മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അഥവാ (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പുതിയ മാനങ്ങള്‍ കൈവരുകയാണ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെയും ആദായനികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ഈ നടപടി. ഇതേത്തുടര്‍ന്ന് വീണാ വിജയന് ഉടന്‍ തന്നെ ഇഡി നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്.
ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ബാംഗ്ളൂര്‍ ആസ്ഥാനമായ എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം കൊടുത്തെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിക്കേസിന് ആധാരമായത്. സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കേന്ദ്ര ഏജന്‍സി കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തെയും സിപിഎമ്മിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയ വിഷയമായിരുന്നു ഇത്. 2017 മുതല്‍ 2020 വരെയുള്ള കാലത്താണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ പണം നല്‍കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചുതുടങ്ങുമ്പോള്‍ ഇത്തരമൊരു നീക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായതിന് പിന്നില്‍ വലിയ ഇടപെടലുകൾ ഉണ്ടെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലടക്കം ഇഡി എടുത്ത തണുപ്പന്‍ നിലപാടിനെക്കുറിച്ച് അന്നുതന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇഡിയുടെ ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎമ്മിന് കഴിയില്ല. സിഎംആര്‍എല്ലിൽ നിന്നും വീണയുടെ കമ്പനിയിലേക്ക് പണം എത്തിയത് ഏത് സേവനത്തിനാണെന്ന് വിശദീകരിക്കാൻ വീണയോ വിജയനോ പാർട്ടിയോ ഇതുവരെ വാ തുറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് കനത്ത തിരിച്ചടിയാവുമെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിക്കാത്തതും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം തുടങ്ങിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രചാരണ വിഷയങ്ങൾ തന്ത്രപൂർവം മാറുകയാണ്. അതിന്റെ പ്രധാന തെളിവാണ് ഇന്നലെ കൊല്ലത്ത് കണ്ടത്. അവിടെ സിപിഎമ്മിന്റെ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ നിയമത്തെക്കുറിച്ചുള്ള പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചത് മുഴുവന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചായിരുന്നു. പൗരത്വബില്ലിനെപ്പറ്റി അദ്ദേഹം ഒന്നും മിണ്ടാതിരുന്നതിൽ യോഗത്തിൽ പങ്കെടുത്ത മുസ്ലിം മതപണ്ഡിതര്‍ക്ക് തന്നെ എതിര്‍പ്പുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന തലത്തിലേക്ക് പ്രചാരണം നടത്തേണ്ട എന്ന തീരുമാനം പാര്‍ട്ടിക്കുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ആദ്യമായാണ് ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് എത്തുന്നത്. വീണാ വിജയനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന നിലയിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും അനാവശ്യമായി പ്രകോപിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ല. കാരണം മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റിലേക്ക് വരെ പോകാനുള്ള കൃത്യമായ തെളിവുകള്‍ മാസപ്പടി കേസിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ ഏതൊക്കെ രേഖകൾ കേന്ദ്ര ഏജൻസികളുടെ കയ്യിലെത്തിയിട്ടുണ്ടെന്ന് വീണക്കും അറിയാം. സിഎംആര്‍എല്ലുമായി എക്സാലോജിക്ക് കമ്പനി നടത്തിയ ഇടപാട് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുന്നതാണ്. അതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഈ കേസ് അന്വേഷിക്കുന്നതും. ഇഡിയുടെ കുടുക്കിലായ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും കുരുക്കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമാണ് എന്നത് പിണറായിയുടെ പേടി കൂട്ടുന്നു.
അന്വേഷണം അറസ്റ്റിലേക്ക് എത്തുമോയെന്ന ഭയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും ശരിക്കുമുണ്ട്. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തെ പിണക്കേണ്ട എന്ന സമീപനമാണ് ഇപ്പോള്‍ സിപിഎം സ്വീകരിക്കുന്നത്. സിഎഎ പോലുളള വിഷയങ്ങള്‍ കാര്യമായി ഉയര്‍ത്തിക്കാട്ടിയുളള പ്രചാരണം വേണ്ടെന്നും സിപിഎം അനൗദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. മറ്റ് സിപിഎം നേതാക്കള്‍ ഈ വിഷയങ്ങളൊക്കെ ഉന്നയിച്ചാലും മുഖ്യമന്ത്രി വളരെ മയത്തിലുള്ള വിമര്‍ശനം നടത്തിയാല്‍ മതിയെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇഡിയെ പേടിച്ച് സിപിഎം ചില മണ്ഡലങ്ങളില്‍ ബിജെപിയെ സഹായിക്കുകയാണെന്ന പ്രചാരണം ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇഡി അന്വേഷണമൊക്കെ വെറും പ്രഹസനമാണെന്നും സിപിഎമ്മിനെ ഭയപ്പെടുത്തി വോട്ടുവാങ്ങി രണ്ട് എ ക്ലാസ് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇലക്ഷൻ കാലത്തെ അന്വേഷണമെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും സിപിഎമ്മിന്റെ സ്ഥാനാർത്ഥികളല്ല മത്സരിക്കുന്നത് എന്നുള്ളത് വോട്ടുമറിക്കൽ എളുപ്പമാക്കും എന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഇഡിയുടെ വരവ് സിപിഎമ്മിനെയും പിണറായിയെയും നന്നായി ഉലച്ചിട്ടുണ്ട് എന്ന് വ്യക്തം.