കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ സീനിയര്‍ നേതാവ് എളമരം കരീമീനെ സിപിഎം രംഗത്തിറക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ്. 1952 മുതലുള്ള കോഴിക്കോടിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരേ ഒരു കമ്യൂണിസ്റ്റുകാരനെ അവിടെ നിന്നും ജയിച്ചിട്ടുളളു.1980ല്‍ സിപിഎമ്മിന്റെ കരുത്തനായ ഇ.കെ. ഇമ്പിച്ചി ബാവ. അതിന് മുമ്പ് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഇടതുമുന്നണി ജയിച്ചപ്പോഴൊക്കെ ജനതാദളിന്റെയും സ്ഥാനാര്‍ത്ഥികളാണ് കോഴിക്കോട് നിന്നും ലോക്സഭയിലെത്തിയത്.
കേരളത്തിലെ ഏറ്റവും കരുത്തരായ നേതാക്കളായിരുന്നു എക്കാലവും കോഴിക്കോടിന്റെ ജനപ്രതിനിധികൾ . കെഎ ദാമോദരമേനോന്‍ മുതല്‍ സിഎച്ച് മുഹമ്മദ് കോയയും ഇബ്രാഹിം സുലൈമാന്‍ സേട്ടും എംപി വീരേന്ദ്രകുമാറും കെ മുരളീധരനും വരെയുള്ളവര്‍. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ കേരള സംസ്ഥാന രൂപീകരണം വരെ മലബാറിന്റെ തലസ്ഥാനമായിരുന്നു കോഴിക്കോട്. കേരളത്തിലെ ദേശീയ സ്വാതന്ത്യപ്രക്ഷോഭത്തിന്റെ ഈറ്റില്ലവും കോഴിക്കോടായിരുന്നു.
2009 മുതല്‍ കോഴിക്കോടിന്റെ എംപി കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ എംകെ രാഘവനാണ്. ഒരു കാലത്ത് എകെ ആന്റണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും മലബാറിലെ എ ഗ്രൂപ്പിന്റെ പടനായകനുമായിരുന്നയാള്. 2009ല്‍ മുഹമ്മദ് റിയാസിനെ 700 പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ആദ്യം എംകെ രാഘവന് പാര്‍ലമെന്റിലെത്തുന്നത്. പിണറായിയുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുഡിഎഫിലെത്തിയതാണ് അന്ന് എംകെ രാഘവന് തുണയായത്. പിന്നീട് 2014ലും 2019ലും അദ്ദേഹം ജയിച്ചു കയറി. കോഴിക്കോട്ടുകാര്‍ക്ക് പൊതുവേ രാഘവേട്ടനായ, പാര്‍ട്ടിക്കാര്‍ക്ക് എംകെആര്‍ ആയ അദ്ദേഹം ഇത്തവണയും കോഴിക്കോടിന്റെ ദില്ലിയിലെ പ്രതിനിധിയാകാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത ജില്ലയാണ് കോഴിക്കോട്. ഏഴ് അസംബ്ളി മണ്ഡലങ്ങളില്‍ ഡോ. എംകെ മുനീറിന്റെ കൊടുവള്ളി മാത്രമാണ് യുഡിഎഫിന്റെ മാനം രക്ഷിക്കാനുളളത്. മറ്റു ആറ് അസംബ്ളി മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇത്തവണ എളമരം കരീം എന്ന മുന്‍ മന്ത്രിയും നിലവില്‍ രാജ്യസഭാംഗവുമായ സീനിയര്‍ നേതാവിനെ സിപിഎം രംഗത്തിറക്കിയത് ഒന്നും കാണാതെയല്ല. മുസ്ലിം ലീഗ് നേതൃത്വവുമായി വ്യക്തിബന്ധമുളള നേതാവാണ് എളമരം കരീം. മേഖലയിൽ ലീഗിന്റെ വോട്ടുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഏകനേതാവ്. പിണറായി വിജയനെ പികെ കുഞ്ഞാലിക്കുട്ടിയുമായി അടുപ്പിച്ചതിന് പിന്നിലുള്ള ശക്തിയും ഈ സിഐടിയു നേതാവാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. അപ്പോള്‍ കോഴിക്കോട് പിടിക്കാന്‍ എളമരത്തേക്കാള് മികച്ച നേതാവ് സിപിഎമ്മില്‍ ഇല്ല. ഇതു മനസിലാക്കി തന്നെയാണ് പിണറായി വിജയന് കോഴിക്കോട് ലോക്സഭാ മണ്ഡലം എളമരം കരീമെന്ന തന്റെ വിശ്വസ്തനെ ഏല്‍പ്പിച്ചത്.
എന്നാല്‍ എംകെ രാഘവന് അദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് ഉണ്ടാക്കിയെടുത്ത ജനകീയ ബന്ധങ്ങൾ തന്നെയാണ് കൈമുതല്‍. ജനനം കൊണ്ട് അദ്ദേഹം കണ്ണൂര്‍ക്കാരനാണ്. കാലങ്ങളോളം കണ്ണൂരായിരുന്നു തട്ടകവും. എളമരത്തെപ്പോലെ തന്നെ മുസ്ലിംലീഗുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നയാളുമാണ്. പ്രത്യേകിച്ച് പാണക്കാട് കുടുംബവുമായി. അതുകൊണ്ട് ലീഗില്‍ നിന്നുള്ള പാലം വലിയൊന്നും ഇത്തവണയും ഉണ്ടാകില്ലന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന്റെ ആത്മവിശ്വാസവും രാഘവനുണ്ട്.
ആറ് നിയമസഭാ മണ്ഡലങ്ങളും തങ്ങളുടെ കയ്യിലിരിക്കുമ്പോള്‍ തന്നെയാണ് കഴിഞ്ഞ തവണ എംകെ രാഘവന് എഴുപതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്ത്തിയതെന്നത് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. മുസ്ലിം വോട്ടുകളെ ആകര്‍ഷിക്കാന്‍ പറ്റിയ നേതാവ് വേണമെന്നതാണ് എളമരത്തെ പരീക്ഷിക്കാന്‍ കാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിന്റെ പേരാണ് ഇടത് സ്ഥാനാര്‍ത്ഥിയായി ആദ്യം കേട്ടത്. അത് വേണ്ടെന്ന് വച്ച് എളമരത്തിലേക്ക് എത്താൻ കാരണം മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. ഇക്കാര്യത്തില്‍ കോഴിക്കോട് ജില്ലാക്കമ്മിറ്റിയില്‍ ചില അസ്വാരസ്യങ്ങളുണ്ടായി എന്ന വര്‍ത്തമാനവും പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉണ്ട്. പക്ഷെ പിണറായിയെ ഭയന്ന് അസ്വാരസ്യങ്ങളെല്ലാം ജില്ലാ കമ്മിറ്റി ഓഫീസില്‍ത്തന്നെ കുഴിച്ചുമൂടിയത്രെ.
എളമരം പരീക്ഷണം ഏല്‍ക്കില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. ഇത്തവണയും എംകെ രാഘവന് തന്നെ ജയിച്ചു കയറുമെന്ന വിശ്വാസത്തിലാണ് അവര്‍. അങ്ങിനെ വന്നാൽ കോഴിക്കോടിനെ ഏറ്റവുമധികം കാലം ലോക്സഭയില്‍ പ്രതിനിധീകരിച്ചതിന്റെ റെക്കോഡും അദ്ദേഹത്തിന് തന്നെയായിരിക്കും.