ജൂലായ് 1 ന് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റാണ് ഒഴിവുവരുന്നത്. അതില്‍ രണ്ടെണ്ണം ഇടതുമുന്നണിക്കാണ്. ഒരെണ്ണം സിപിഎം എടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രണം മുന്നണിയിലെ വലിയ പാര്‍ട്ടി അവരാണ്. അവശേഷിക്കുന്ന ഒരു സീറ്റിനായുള്ള അവകാശവാദം ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയും മൂന്നാമത്തെ ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസും ഉന്നയിച്ചുകഴിഞ്ഞു. യുഡിഎഫില്‍ മുസ്ളീം ലീഗിനാണ് രാജ്യസഭാ സീറ്റ് . പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമായിരിക്കും ലീഗിനെ പ്രതിനീധീകരിച്ച് രാജ്യസഭയില്‍ പോവുക എന്നാണ് വിവരം. ഇനി ഇന്ത്യ മുന്നണിക്ക് ഭരണം കിട്ടുകയാണെങ്കില്‍ കേന്ദ്രമന്ത്രിയാകാന്‍ വേണ്ടി സാക്ഷാല്‍ പി കെ കുഞ്ഞാലിക്കുട്ടി തന്നെ പോകാനും സാധ്യതയുണ്ട്.
ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റിന്റെ കാലാവധി ജൂലായ് ഒന്നിന് കഴിയുകയാണ്. യുഡിഎഫില്‍ നിന്നും കിട്ടിയ രാജ്യസഭാ സീറ്റ് രാജിവച്ചുകൊണ്ടാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വന്നത്. ഇടതുമുന്നണിയില്‍ നിന്നും ആ സീറ്റ് ജോസ്മോന് തന്നെ കിട്ടുകയും ചെയ്തു. അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ എട്ടിന്റെ പണികിട്ടിയ അവസ്ഥയിലായി ജോസ് കെ മാണി. ഒഴിവുവരുന്ന സീറ്റുകളിലൊന്ന് സിപിഎം എടുത്താല്‍ അടുത്ത സീറ്റ് സിപിഐക്ക് കൊടുക്കേണ്ടി വരും. സിപിഎമ്മില്‍ നിന്നും എം സ്വരാജ് അടക്കമുള്ളവര്‍ രാജ്യസഭാംഗമാകാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുമുണ്ട്.
ഇവിടെയാണ് സിപിഎം നേരിടുന്ന വലിയ പ്രശ്നം. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് കിട്ടിയില്ലങ്കില്‍ പിന്നെ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അതേ സമയം കോട്ടയം ലോക്സഭാ സീറ്റ് നിലനിര്‍ത്തിയാല്‍ രാജ്യസഭാ സീറ്റ് കൊടുക്കാമെന്ന് നേരത്തെ പിണറായി വാഗ്ദാനവും നല്‍കിയിരുന്നു. ഇത് മനസിലാക്കി തന്നെയാണ് സിപിഐ കടുംപിടുത്തം പിടിക്കുന്നതും. സിപിഐക്ക് കിട്ടിയ നാല് ലോക്സഭാ സീറ്റും തോറ്റാല്‍ രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിക്കാനുളള കരുത്തവര്ക്ക് കുറയും. അതുകൊണ്ടുതന്നെ സീറ്റിനു വേണ്ടി ആവുന്നത്ര ബലം പിടിക്കാനാണ് സിപിഐയുടെ തിരുമാനം. അഖിലേന്ത്യാ തലത്തിലുള്ള ഇടതുപക്ഷ സഖ്യമായത് കൊണ്ട് സിപിഐയുടെ ആവശ്യം അങ്ങനെ തള്ളിക്കളയാനും സിപിഎമ്മിന് കഴിയില്ല.
എന്നാല്‍ അതുപോലെ തന്നെയോ അതിനെക്കാളുമോ പ്രധാനപ്പെട്ടതാണ് കേരളാ കോണ്‍ഗ്രസ് മാണി ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്ക്കുന്നതും. സിപിഐക്ക് സീറ്റ് കൊടുത്താല്‍ ജോസ് കെ മാണിക്ക് ഇടതുമുന്നണിയില്‍ നില്ക്കാന് കഴിയുകയില്ലന്നാണ് സൂചന. എന്നാല്‍ മാണി വിഭാഗം ഇടതുമുന്നണി വിടാന്‍ ആലോചിച്ചാല്‍ മന്ത്രി റോഷി അഗസ്റ്റിനെ ഉപയോഗിച്ച് പാര്‍ട്ടിയെ പിളര്‍ത്താമെന്ന ഉദ്ദേശവും സിപിഎമ്മിനുണ്ട്. കയ്യിലിരിക്കുന്ന മന്ത്രി സ്ഥാനം കളഞ്ഞ് റോഷി അഗസ്റ്റിന് ഇടതുമുന്നണി വിടില്ലന്ന് തന്നെയാണ് സിപിഎമ്മിന്റെ പ്രതീക്ഷ, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കളത്തുങ്കലിനെയും തങ്ങള്‍ക്കൊപ്പം കിട്ടാന്‍ സാധ്യതയുണ്ടെന്നും സിപിഎം കരുതുന്നുണ്ട്. അങ്ങിനെ വന്നാല്‍ നാലില്‍ രണ്ടു പേര് സിപിഎമ്മിനൊപ്പമാകും. കേരളാ കോണ്‍ഗ്രസിനെ നെടുകെ പിളര്‍ത്തി എന്ന് അഭിമാനിക്കുകയും ചെയ്യാം.
എന്നാല്‍ പ്രതീക്ഷിക്കുന്ന പോലെ പിളര്‍പ്പിനായി റോഷിയും കുളത്തുങ്കലും നിന്ന് തന്നില്ലങ്കില്‍ എന്ത് ചെയ്യുമെന്ന പ്രശ്നവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. കേരളാ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്ന നിലയില്‍ പൂര്‍ണ്ണമായും മുന്നണി വിടുന്നത് ആപത്താണെന്ന് സിപിഎമ്മിനറിയാം. കത്തോലിക്കാ സഭയുടെ പിന്തുണ പൂര്‍ണ്ണമായും നഷ്ടപ്പെടുക എന്നാണ് അതിനര്‍ത്ഥം.ആ നീക്കം വലിയ രാഷ്ട്രീയ തിരിച്ചടി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്ക്കുണ്ടാക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.അതുകൊണ്ട് ജോസ് കെ മാണിയെ പരമാവധി കൂടെ നിര്‍ത്തുക എന്ന തന്ത്രമായിരിക്കും സിപിഎം കൈക്കൊള്ളുക. അങ്ങിനെ വരുമ്പോള്‍ തങ്ങളുടെ രാജ്യസഭാ സീറ്റ് ജോസ് കെമാണിക്ക് വിട്ടുകൊടുക്കാന്‍ സിപിഎം നിര്‍ബന്ധിതമായേക്കും. ഒരു രാജ്യസഭാ സീറ്റ് ബലികഴിച്ച് മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി നില്‍ക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയും, പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസിന് സ്വാധീനമുള്ള പ്രദേശത്തെ ജനങ്ങളെ.
തങ്ങളുടെ രാജ്യസഭാ സീറ്റ് സിപിഎം വേണ്ടെന്ന് വക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം സിപിഎമ്മിന്റെ ചൂളയില്‍ കിടന്ന് നീറിയൊടുങ്ങണോ എന്ന ചോദ്യം ജോസ് കെ മാണിയോട് ചോദിച്ചു കഴിഞ്ഞു. തന്റെ പാര്‍ട്ടിയില്‍ ഇപ്പോഴും ഇടതുപക്ഷ-വിശിഷ്യാ സിപിഎം വിരുദ്ധക്കാര്ക്കാണ് മുന്‍തൂക്കമെന്ന് ജോസ് കെ മാണിക്ക് നന്നായി അറിയാം. കത്തോലിക്കാ സഭയും ഇപ്പോള്‍ കടുത്ത സിപിഎം വിരുദ്ധരാണ്. ഉറച്ച തിരുമാനങ്ങളെടുക്കാതെ മാര്‍ഗമില്ലന്ന് ജോസ് കെ മാണിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.