എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലര്‍ ഒരേ സമയം നരേന്ദ്രമോദിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലും കേരളത്തില്‍ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിയിലും അംഗമാണ്. എന്നാല്‍ വിചിത്രസഖ്യം അധികകാലം തുടരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ദേവഗൗഡയുടെ മകന് എച്ച്ഡി കുമാരസ്വാമി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയാണ്. ആ പാര്‍ട്ടിയിലെ കേരളത്തിലെ പ്രമുഖ നേതാവായ കെ കൃഷ്ണന്‍കുട്ടി സിപിഎം പൊളിറ്റ്ബ്യുറോ അംഗമായ പിണറായി വിജയന്റെ മന്ത്രിസഭയിലും അംഗമാണ്. ഒരേ സമയം സിപിഎം മുന്നണിയില്‍ സംസ്ഥാനത്തും ബിജെപി മുന്നണിയില്‍ കേന്ദ്രത്തിലും മന്ത്രിയാകാനുള്ള അസാമാന്യ മെയ് വഴക്കമാണ് ചെറുതെങ്കിലും ജെഡിഎസ് എന്ന പാര്‍ട്ടി കാണിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ ഇനി ഈ ട്രപ്പീസ് കളി അധികകാലം മുന്നോട്ടു പോകുമെന്ന് കരുതുക വയ്യ. കെ കൃഷ്ണന്‍കുട്ടിയോട് മന്ത്രിസ്ഥാനം രാജിവക്കാന്‍ സിപിഎം ആവശ്യപ്പെടുമെന്ന സൂചന ശക്തമാവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഏറ്റ തിരിച്ചടിയും ജെഡിഎസ് നേതാവുകൂടിയായ ദേവഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണ ലൈംഗികപീഡനക്കേസില്‍ പ്രതിയായി ജയിലില്‍ ആയതും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേവഗൗഡയുടെ കൊച്ചുമകന് പ്രജ്വലുമായി ബന്ധപ്പെട്ട് ചില ‘കേരളാ കണക്ഷനുകള്‍’ ജനതാദള്‍ എസ് നേതാക്കള്‍ തന്നെ പുറത്തുവിടുന്നതും ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായിക്കും കൂടുതൽ തലവേദനയായിട്ടുണ്ട്. കേരളത്തിലെ ചില നേതാക്കളുമായി ദേവഗൗഡയുടെ കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളും പ്രജ്വല്‍ രേവണ്ണക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാകുമ്പോള്‍ പുറത്ത് വന്നേക്കുമെന്ന ഭയവുമുണ്ട്. ദേവഗൗഡ ബിജെപി മുന്നണിയിലേക്ക് പോകുന്നതിന് മുമ്പ് പിണറായി വിജയനുമായി സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയുടെ ഘടകകക്ഷിയായ പാര്‍ട്ടിയുടെ പ്രതിനിധിയെ എന്തിന് സിപിഎം മന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കണമെന്ന ചോദ്യം ഇടതുനേതാക്കളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.
പിണറായി വിജയനുമായി വളരെയേറെ വ്യക്തിബന്ധമുള്ളയാണ് കെ കൃഷ്ണന്‍കുട്ടി. 1980 മുതല്‍ 87 വരെയും പിന്നീട് 2016 മുതലും ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ കൃഷ്ണൻകുട്ടി ജനതാപാര്‍ട്ടിയുടെ കേരളത്തിലെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. സംഘടനാ കോണ്‍ഗ്രസിലാണ് ഈ കര്‍ഷക പ്രമാണി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പാലക്കാട് ജില്ലയിലെ വലിയ ഭൂഉടമാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജനതാദളിലെ പല വിഭാഗങ്ങളും മുന്നണി മാറിപ്പോയപ്പോള്‍ കൃഷ്ണന്‍കുട്ടി എല്‍ഡിഎഫില്‍ തന്നെ ഉറച്ചു നിന്നു. എക്കാലവും ഇടതിന്റെ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വത്തിന്റെ ഇഷ്ടതോഴനുമാണ്. മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതും കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയതും ജനതാദള്‍ എസിന്റെ താല്പര്യം മാത്രമല്ല മുഖ്യമന്ത്രി പിണറായിയുടെ താല്പര്യം കൂടിയായിരുന്നു. അഴിമതിരഹിതനും ആദര്‍ശവാദിയുമായ മാത്യു ടി തോമസിനെക്കാള്‍ സിപിഎമ്മിനും പിണറായിക്കും ദേവഗൗഡയുടെ കുടുംബത്തിനും ഒരുപോലെ താല്പര്യം കെ കൃഷ്ണന്‍കുട്ടിയെ ആയിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി സിപിഎമ്മിനെ അടപടലം പിടിച്ചുകുലുക്കിക്കഴിഞ്ഞു. തങ്ങളുടെ വോട്ടുകള്‍ കാര്യമായി തന്നെ ബിജെപി പക്ഷത്തേക്ക് ചോരുന്നതും മുസ്ളീം വോട്ടുകള്‍ യുഡിഎഫിലേക്ക് പോകുന്നതും സിപിഎമ്മിനെ അമ്പരപ്പിച്ചു. അതോടെ ഇനി കൃഷ്ണന്‍കുട്ടിയുടെ പാർട്ടിയുടെ ‘ഡബിള്‍ റോള്‍’ അനുവദിക്കേണ്ട എന്ന് തന്നെയാണ് സിപിഎം തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം കൃഷ്ണന്‍കുട്ടിയെ അത്രപെട്ടെന്ന് ഉപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഇനി കൃഷ്ണന്‍കുട്ടിയെ മന്ത്രിയായി ഇരുത്താനും കഴിയില്ല. പുതിയ പാര്‍ട്ടിയായി നില്ക്കുക അത്ര എളുപ്പവുമല്ല. കാരണം അത് കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരികയും അതു വഴി കൃഷ്ണന്‍കുട്ടിയുടെയും മാത്യു ടി തോമസിന്റെയും എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്യും. ദേവഗൗഡയുടെ പാര്‍ട്ടിയുടെ കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ഇടതുമുന്നണിക്ക് ഉടനെടുത്തേ പറ്റൂ. ബിജെപി ചേരിയിലെ ഒരു പാര്‍ട്ടിയെ കേരളത്തിലെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കി നിലനിര്‍ത്തുന്നത് അനൗചിത്യം മാത്രമല്ല ആത്മഹത്യാപരം കൂടിയാണെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്