കൈസര്‍ഗഞ്ച്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്. ‘2024ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയിക്കും. കൈസര്‍ഗഞ്ച് ലോക്സഭ മണ്ഡലത്തില്‍ നിന്ന് തന്നെ താന്‍ വീണ്ടും മത്സരിക്കും’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൈസര്‍ഗഞ്ചില്‍ ബിജെപി സംഘടിപ്പിച്ച സംയുക്ത് മോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബ്രിജ് ഭൂഷണ്. തന്റെ വീട്ടില്‍ നിന്നും സമ്മേളനം നടക്കുന്ന വേദിയിലേക്ക് റോഡ് ഷോ നടത്തിയാണ് ബ്രിജ് ഭൂഷണ് എത്തിയത്. നൂറു കണക്കിന് കാറുകളുടെ അകമ്പടിയോടെ ആയിരുന്നു റാലി. നേരത്തെ, ബ്രിജ് ഭൂഷണ് അയോധ്യയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്താനിരുന്ന റാലി മാറ്റിയിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആയിരുന്നു അവസാന നിമിഷം റാലി മാറ്റിയത്.