ജൂണ്‍ നാലിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനം അടിമുടി അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഈ മാറ്റമെന്നാണ് എഐസിസിയുടെ വിശദീകരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള ശീതസമരം കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ വേണ്ടി കെപിസിസി അധ്യക്ഷ സ്ഥാനം തല്‍ക്കാലത്തേക്ക് ഒഴിഞ്ഞ സുധാകരന് തെരഞ്ഞെടുപ്പിന് ശേഷം ആ സ്ഥാനം തിരിച്ചുകൊടുക്കാതിരിക്കാന്‍ വിഡി സതീശന് കളിച്ച കളി പുറത്താവുകയും എകെ ആന്റണിയുടെ സഹായത്തോടെ സുധാകരന് തിരിച്ചുവരികയും ചെയ്തതോടെ കോണ്‍ഗ്രസ് ആഭ്യന്തരമായി കലാപത്തിന്റെ വക്കിലാണ്.
പതിനാലില്‍ പത്ത് ഡിസിസികളും തീർത്തും പ്രവര്‍ത്തനരഹിതമാണെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്. തൃശൂര്‍, ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ഡിസിസി അധ്യക്ഷന്മാരെ അടിയന്തിരമായി മാറ്റണമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടുക്കി ഡിസിസി അധ്യക്ഷനെപ്പോലുള്ളവര് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. കെ മുരളീധരനെയും എംകെ രാഘവനെയും പോലുള്ള സ്ഥാനാര്‍ത്ഥികളായ സീനിയര്‍ നേതാക്കള്‍ പോലും തങ്ങള്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ ഡിസിസികളുടെ പ്രവര്‍ത്തന വൈകല്യത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതും പുനസംഘടനയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ യുഡിഎഫിന് ഗണ്യമായി കുറയുന്ന അവസ്ഥയുണ്ടായാല്‍ കോണ്‍ഗ്രസില്‍ അടിമുടിയുള്ള മാറ്റത്തിന് വഴിവെക്കുമെന്നും സൂചനയുണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും വലിയ അസന്തുഷ്ടി പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്ന് വരുന്നുണ്ട്. സീനിയര്‍ നേതാക്കളാരോടും കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് നല്‍കേണ്ട ബഹുമാനം പോലും സതീശൻ നല്‍കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. പലപ്പോഴും മാധ്യമങ്ങളുടെ മുന്നില്‍പ്പോലും സീനിയര്‍ നേതാക്കളോട് ഇത്തരത്തില്‍ പെരുമാറാറുണ്ടെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ കോണ്‍ഗ്രസിനെ അലട്ടിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ മികവ് കൊണ്ടുമാത്രം ജയിക്കേണ്ട അവസ്ഥയാണ് പല മണ്ഡലങ്ങളിലും ഉണ്ടായിരുന്നത്. ബൂത്ത്, മണ്ഡലം, ബ്ളോക്ക് തലങ്ങളില്‍ പാര്‍ട്ടി മെഷീനറി പൂര്‍ണ്ണമായും നിര്‍ജ്ജീവമായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലൊരു സ്ഥാനാര്‍ത്ഥിക്ക് പുറത്ത് നിന്നും ആളുകളെ കൊണ്ടുവന്ന് വീടുകളില്‍ സ്ളിപ്പുകളും പ്രസ്താവനയുമൊക്കെ വിതരണം ചെയ്യേണ്ടി വന്നു. ഡിസിസി അധ്യക്ഷന്മാരിൽ പലരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പേരിന് മാത്രം പങ്കെടുക്കുന്നുവെന്ന പരാതി ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ആർക്കും ആരോടും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്നത്.
ഡിസിസികൾ പുന:സംഘടിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആദ്യം മുതലേ ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ വിഡി സതീശനും കെസി വേണുഗോപാലും ചേർന്ന് ആ നീക്കത്തെ അട്ടിമറിക്കുകയായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പലരും രഹസ്യമായി സമ്മതിക്കുന്നത്. ഡിസിസി പുന:സംഘടന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയില്ലെങ്കില്‍ പ്രചാരണരംഗത്ത് അത് പ്രതിഫലിക്കുമെന്നും കെ സുധാകരന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കെപിസിസി ഭാരവാഹികളില്‍ പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അത് നടക്കാതെ പോയത് ആദ്യം സൂചിപ്പിച്ച അട്ടിമറി മൂലമായിരുന്നുവത്രെ. കോണ്‍ഗ്രസിൽ ഭാരവാഹികളേയും സ്ഥാനാര്‍ത്ഥികളേയും നിശ്ചയിക്കുന്നതിൽ സാമുദായിക സമവാക്യങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും ഉണ്ടായിട്ടില്ലെന്നാണ് പരാതി. പലയിടത്തും ഡിസിസി അധ്യക്ഷന്മാരെ നോമിനേറ്റ് ചെയ്തത് സാമുദായിക പ്രാതിനിധ്യം പാലിക്കാതെയായിരുന്നു. പ്രത്യേകിച്ച് മധ്യകേരളത്തില്‍. ഇതും അടിയന്തിരമായി പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അതൃപ്തി പ്രതിഫലിക്കുമെന്നും അവര്‍ പറയുന്നു.
ഏതായാലും കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ഉറപ്പാണ്. ഈ സംഘടനാ സംവിധാനവുമായാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകും. കോണ്‍ഗ്രസില്‍ ഏത് കാര്യവും അവസാനം മനസിലാക്കുക നേതൃത്വമായിരിക്കും. കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാ തലത്തിലും അങ്ങനെ തന്നെയാണ്. അതാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയും.