കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലേക്ക് ഗവര്‍ണര്‍ എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കേന്ദ്രസര്‍ക്കാരിന് കത്തെഴുതുന്നത് ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കുനേരെ ഔദ്യോഗിക പദവിയിലിരിക്കുന്ന ആള് പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്. അതാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗവര്‍ണര്‍ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ചത് തന്റെ അറിവോടെയാണെന്ന ഗവര്‍ണറുടെ പ്രസ്താവന ജല്പനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെല്ലാം കഠിനപദങ്ങളാണ് കുട്ടികളെ നേരിടാന്‍ ഗവര്‍ണര്‍ പയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ക്രിമിനല്‍സ്, ബ്ലഡി റാസ്കല്‍സ് അങ്ങനെ ഏതെല്ലാം തരത്തിലാണ് വിശേഷിപ്പിച്ചത്. ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ അപമാനിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.