തൃശൂർ: ചെറുതുരുത്തി മുള്ളൂർക്കര വാഴക്കോട് കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആനയെ കുഴിച്ചുമൂടാൻ കുഴിയെടുത്ത് ജെസിബി ഡ്രൈവറും സഹായിയുമാണ് പിടിയിലായതെന്നാണ് സൂചന.കേസിലെ മുഖ്യപ്രതിയെന്ന് വനംവകുപ്പ് പറയുന്ന സ്ഥലം ഉടമ കൂടിയായ മണിയഞ്ചിറ റോയി എന്നയാൾ ഒളിവിലാണെന്നാണ് വിവരം.
10 ദിവസം മുൻപ് ഇയാൾ നാടുവിട്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാൾ ഗോവയിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അന്വേഷണ സംഘം അവിടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.ആനയെ വേട്ടയാടി കൊലപ്പെടുത്തിയതാണോ ഷോക്കേറ്റ് ചരിഞ്ഞ ആനയെ മറവ് ചെയ്തതാണോ എന്നാണ് സ്ഥിരീകരിക്കാനുള്ളത്. സ്ഥലം ഉടമ റോയിയെ കസ്റ്റഡിയിൽ എടുത്താലെ ഇക്കാര്യത്തിൽ വ്യക്തത വരൂ.
പ്രദേശത്തിനടുത്ത് കാട്ടാനകളിൽ ഒന്നിനെ കാണ്മാനില്ല എന്ന് സേവ് ഔവർ വൈൽഡ്ലൈഫ് എന്ന എൻജിഒയ്ക്ക് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംഘടന വനംവകുപ്പിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ജൂൺ ഒന്നിന് എറണാകുളത്തെ പട്ടിമറ്റത്ത് ആനക്കൊമ്പ് കൈമാറുന്നതിനിടെ നാല് പേർ അറസ്റ്റിലായ സംഭവത്തിൽ നിന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ആനയെ കുഴിച്ചുമൂടിയ കഥ പുറത്തായത്.
വിവരമറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. ജഡത്തിന് ഏകദേശം 20 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വൈദ്യുതി വേലിയിൽ ഷോക്കേറ്റ് ചരിഞ്ഞ ആനയെ കുഴിച്ചിട്ടെന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡത്തിൽനിന്ന് ഒരു കൊമ്പിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതാണ് വനംവകുപ്പിനെ ആനവേട്ടയെന്ന് സംശയിക്കാൻ ഇടയാക്കുന്നത്.