പത്തനംതിട്ട : കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.
ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം.പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ജില്ലാ കളക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന് അറിയിച്ചു.