കൊച്ചി : സംസ്ഥാനത്തെ മലയോര മേഖലയിലെ കാട്ടാന ശല്യം തുടർക്കഥയാകുന്നു. മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പനും ഇറങ്ങിയതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്.
മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്റെ കടയുടെ വാതിലാണ് പടയപ്പ തകർത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പടയപ്പ പുണ്യവേലിന്റെ കടയുടെ ഭാഗത്തേക്ക് എത്തിയത്.പലചരക്കുസാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയുടെ മുൻവശത്തെ വാതിൽ തകർത്ത പടയപ്പ സാധനങ്ങൾ എടുക്കാൻ തുടങ്ങിയപ്പോഴേക്കും ഉടമസ്ഥൻ പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമം നടത്തി.പിന്നീട് വനം വകുപ്പിന്റെ ആർആർടി ടീം സ്ഥലത്തെത്തിയാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ഇതിനുമുൻപ് 18തവണ പുണ്യവേലിന്റെ കട കാട്ടാനകൾ ആക്രമിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് പടയപ്പ കട ആക്രമിക്കുന്നത്.
മൂന്നാർ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിന് സമീപം തന്പടിച്ചിരുന്ന പടയപ്പയെ ഇരുപത് ദിവസം മുൻപ് കാട്ടിലേക്ക് തുരത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ജനവാസ കേന്ദ്രത്തിലേക്ക് പടയപ്പ എത്തുന്നത്. നിലവിൽ ആന കാട്ടിലാണുള്ളതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം.
അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ സുരേഷിന്റെ വീടിന് സമീപമാണ് “മാങ്ങാ കൊമ്പന്’എന്ന് വിളിപ്പേരുള്ള ആന ഇറങ്ങിയത്.പുലര്‍ച്ചെ എത്തിയ മാങ്ങാക്കൊമ്പനെ തുരത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തെങ്കിലും ആന പ്രദേശത്ത് നിന്ന് പോയില്ല. സാധാരണ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പന്‍ കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ മാങ്ങാക്കൊമ്പന്‍ പോകാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.