മലപ്പുറം : കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു. നിലമ്പൂര്‍ മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേര്‍പ്പുകല്ലിങ്ങല്‍ രാജനാണ് (51) മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഒറ്റയാന്റെ ആക്രമണത്തിന് ഇരയായത്. കവളപൊയ്കയിലെ തോട്ടത്തില്‍ ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ആന ആക്രമിക്കുന്നത്. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാജന് ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
പാലയ്ക്കാമറ്റം ജോണ്‍സണിന്റെ വീടിന് മുന്നില്‍ വാഴ നശിപ്പിച്ച് റോഡില്‍ നിലയുറപ്പിച്ച പിടിയാന ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് രാജന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന ചവിട്ടിവീഴ്ത്തി.
തുമ്പിക്കൈയില്‍ തൂക്കിയെടുത്തെറിഞ്ഞു. മുള്ളു കമ്പിവേലിയിലാണ് വീണത്. അതിനിടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മുഖത്തു തട്ടിയ ആന പൊടുന്നനെ അല്പം മാറി നിലയുറപ്പിച്ചു. നിലവിളി കേട്ട് ജോണ്സണ് നാട്ടുകാരെ വിവരമറിയിച്ചു. പൈനാട്ടില്‍ സിദ്ദിഖ്, തച്ചാട്ട് ബിജു എന്നിവരുടെ നേതൃത്വത്തില്‍ ബഹളം വച്ച് ആനയെ അകറ്റി.
രാജനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്കിയ ശേഷമാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ചവിട്ടേറ്റ് ഇടതു കാല്‍മുട്ട് തകര്‍ന്ന നിലയിലായിരുന്നു. ശസ്ത്രകിയയ്ക്കും വിധേയനാക്കി.