ഇടുക്കി : ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹീം (22) ആണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാൻ കാടിന് സമീപത്തേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ അമര്‍ ഇബ്രാഹീം സുഹൃത്തിനൊപ്പം പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമർ ഇബ്രാഹിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു. സുഹൃത്ത് മന്‍സൂറിന്റെ കാലിനാണ് പരിക്കേറ്റത്. മന്‍സൂര്‍ ചികിത്സയിലാണ്.മന്‍സൂര്‍ പറഞ്ഞത് അനുസരിച്ച് നാട്ടുകാര്‍ അമര്‍ ഇബ്രാഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുവന്നത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അമര്‍ ഇബ്രാഹിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
കാട്ടാന ശല്യമുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് നാട്ടുകാരും വനംവകുപ്പും സംയുക്തമായി കാട്ടാനകളെ തുരത്താനുള്ള ദൗത്യം നിര്‍വഹിച്ചിരുന്നു. ഇതിന് ശേഷം കാട്ടാനകള്‍ ഈ പ്രദേശത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് പോയി എന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത്. ഈ പ്രദേശത്തിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് മുള്ളരിങ്ങാട് മേഖല.