കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബേലൂർ മഖ്ന ഇറങ്ങിയതിനു പിന്നാലെ കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയായിരുന്നു. അതുവഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുകൂടിയാണ് പോൾ ഇന്ന് ജോലിക്കെത്തിയത്. വനത്തിനോടു ചേർന്ന പ്രദേശമായതിനാൽ ആനകൾ ഇതുവഴി എത്താറുണ്ട്. രാവിലെ 9.30ന് ചെറിയമല ജംക്ഷനില്‍ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. വാരിയെല്ലിന് പൊട്ടലേറ്റു.സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവച്ച് കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.