വയനാട്: വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിര്‍ദേശങ്ങൾ മുന്നോട്ടുവച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗം. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിലാണ് വയനാട്ടിൽ യോഗം ചേർന്നത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തിൽ ഉറപ്പുനൽകി.
കൂടാതെ, കളക്ടറുടെ ഏകോപനത്തിൽ, വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കാനും തീരുമാനമായി. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.വനമേഖലയിൽ കൂടുതൽ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരാനും തീരുമാനമായി. വനമേഖലയിൽ 250 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി. അതിർത്തി മേഖലയിൽ 13 പട്രോളിംഗ് സ്ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രിമാർ പറഞ്ഞു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ 27 നിര്‍ദേശങ്ങളില്‍ 15 എണ്ണവും നടപ്പിലാക്കി.
സ്വതന്ത്രാധികാരമുള്ള നോഡല്‍ ഓഫീസറെ നിയമിച്ചു. പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികള്‍ക്കായി നിലവിലെ നിയന്തണങ്ങളില്ലാതെ 13 കോടി രൂപ അനുവദിച്ചു. രണ്ട് ആര്‍ആര്‍ടി കള്‍ കൂടി സ്ഥിരപ്പെടുത്തും. ട്രഞ്ച് നിര്‍മ്മാണത്തിനും, അടിക്കാടുകള്‍ വെട്ടുന്നതിനും വയനാടിന് കേന്ദ്ര നിയമത്തില്‍ ഇളവ് ആവശ്യപ്പെടും. അധിനിവേശ സസ്യ നിര്‍മാര്‍ജനം ചെയ്ത് വനവത്കരണത്തിന് നടപടികള്‍ സ്വീകരിക്കും.റിസോര്‍ട്ടുകള്‍ വന്യജീവികളെ ആകര്‍ഷിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സോളാര്‍ ഫെന്‍സിംഗ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.