ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആജ്ജിച്ചെടുത്ത സ്വത്തിലാണ് ഭാര്യക്ക് തുല്യവകാശമുണ്ടാവുക. അവധിപോലുമില്ലാത്ത വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാവില്ലെന്നാണ് സിംഗിൾ ബെഞ്ച് ജഡ്ജിയുടെ നിരീക്ഷണം.
കമശ്ലാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഭർത്താവിന്റെ സ്വത്തിൽ അവകാശവാദമുന്നയിച്ച് ഇവർ 11 വർഷമായി ഇവർ നിയമപോരാട്ടത്തിലാണ്. സൗദിയിൽ ജോലിചെയ്തുണ്ടാക്കിയ സ്വത്ത് അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ച് ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുമ്പ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള കീഴ്ക്കോടതി വിധിക്കെതിരെയാണ് അമ്മാൾ അപ്പീൽ നൽകിയത്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും മൂലമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു.ഒരേസമയം ഡോക്ടറുടേയും അക്കൗണ്ടിന്റെയും മാനേജരുടെയും ചുമതല വീട്ടമ്മ നിർവഹിക്കുന്നുണ്ട്. സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിച്ച് ഒരു ദിവസം പോലും വിശ്രമിക്കാതെ കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് ഒരു സമ്പാദ്യവും ഇല്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.