വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഭാര്യയെയും മകനെയും വെട്ടിക്കാലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ജീവനൊടുക്കിയത്.ഇയാളുടെ ഭാര്യ ബിന്ദു, മകന് ബേസില്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങളില്‍ മാരകായുധം കൊണ്ട് വെട്ടിയ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എങ്കിലും പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഷാജുവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഷാജു വീട്ടിലേക്ക് വരരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നെന്നാണ് സൂചന. എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം ഷാജു വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ ബിന്ദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.ബന്ധുക്കള്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് അയല്‍വാസികള്‍ ഇവിടെയെത്തി തിരക്കിയെങ്കിലും വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.