കേരളത്തിലെ ബിജെപിക്ക് ഇത്രക്ക് നേതൃദാരിദ്ര്യമോ? കോണ്‍ഗ്രസില്‍ നിന്ന് ബൂത്ത് പ്രസിഡന്റ് രാജി വച്ചു വന്നാൽ പോലും വലിയ ആഘോഷത്തോടെ സ്വീകരിക്കുകയും അതിന് വലിയ പ്രചാരണം നല്‍കുകയും ചെയ്യുന്ന ബിജെപി കേരളാ നേതൃത്വത്തിന്റെ സമീപനം വ്യാപകമായി പരിഹസിക്കപ്പെടുന്നുണ്ട്. ഏഷ്യാഡ് താരം പത്മിനി തോമസും തിരുവനന്തപുരത്തെ രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ നേട്ടം എന്ന നിലക്കാണ് ബിജെപി അവതരിപ്പിക്കുന്നത്. ഇതില്‍ പത്മിനി തോമസ് യുഡിഎഫ് ഭരണകാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയായിരുന്നു എന്നതല്ലാതെ അവര്‍ക്ക് മറ്റു രാഷ്ട്രീയമൊന്നുമില്ല. തമ്പാനൂര്‍ സതീശാകട്ടെ മുന്‍ കൗണ്‍സിലറും മുന്‍ ഡിസിസി സെക്രട്ടറിയും മാത്രം.
കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും തലപ്പൊക്കമുള്ള നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കിട്ടാത്തത് ബിജെപിക്ക് കടുത്ത നിരാശയുണ്ടാക്കുന്നുണ്ട്. എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയേയും കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെയുമാണ് ബിജെപിക്ക് കേരളത്തില്‍ ഇതുവരെ കിട്ടിയ ‘വന്‍തോക്കുകള്‍’. അനിലിനും പത്മജക്കും കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യമായ ഒരു റോളും ഉണ്ടായിരുന്നില്ല. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചാടും എന്ന് കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കള്‍ ഇടക്കിടെ അവകാശപ്പെടുമെങ്കിലും ഇതുവരെ നേതൃപദവിയുള്ള കോണ്‍ഗ്രസ് നേതാക്കളാരും ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വിഎസ് ശിവകുമാര്‍ മുതല്‍ പിജെ കുര്യന്റെ പേര് വരെ ബിജെപി ഉയര്‍ത്തിക്കാട്ടിയ ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ അത്തരം നേതാക്കളൊന്നും സുരേന്ദ്രന്റെയും സംഘത്തിന്റെയും ചൂണ്ടയില്‍ കൊരുത്തില്ല. കിട്ടിയ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം കുട്ടയിലാക്കി കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് കാടിളക്കി പ്രചാരണം നടത്തുകയാണ് ബിജെപി നേതൃത്വം.
സിപിഎമ്മിൽ നിന്ന് അകന്നു നില്ക്കുന്ന മുൻ ദേവികുളം എംഎംല്‍എ എസ് രാജേന്ദ്രനെ ചാക്കിലാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പാർട്ടി നേതൃത്വം അവസരത്തിനൊത്തുയര്‍ന്ന് അതിന് തടയിട്ടു. സിപിഐയിലെ ചില മുന്‍ നേതാക്കളെയും നോട്ടമിട്ടുവെങ്കിലും അവരും വഴുതിമാറി. പണ്ട് പിള്ളേരെപ്പിടുത്തക്കാര്‍ ചാക്കുമായി ഇറങ്ങുമെന്ന് പറയും പോലെയാണ് ബിജെപി കേരളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ആയാറാം ഗയാറാം രാഷ്ട്രീയം കേരളത്തില്‍ അത്ര ശക്തമല്ലാത്തതു കൊണ്ട് ചാക്കിൽ കേറാൻ ആളെക്കിട്ടുന്നില്ലെന്നതാണ് സത്യം. പലപ്പോഴും യാതൊരു ജനപിന്തുണയും ഇല്ലാത്ത നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുള്ളത്.
കെവി തോമസ്, കെപി അനില്‍കുമാര്‍, പിഎസ് പ്രശാന്ത് തുടങ്ങി കോണ്‍ഗ്രസില്‍ നിന്നും ചാടിയ പ്രമുഖരെല്ലാം ചെന്നെത്തിയിരിക്കുന്നത് സിപിഎമ്മിലാണ്. അവര്‍ക്കാകട്ടെ മികച്ച സ്ഥാനങ്ങളും ലഭിച്ചു. കേരളത്തില്‍ മറ്റുപാർട്ടികളിൽ നിന്നെത്തിയ നേതാക്കളില്‍ കൊള്ളാവുന്ന ആരും ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് കാര്യമായി ഒന്നും കൊടുക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് താല്‍പ്പര്യവുമില്ലായിരുന്നു. ആകെ അബ്ദുള്ളക്കുട്ടി മാത്രമാണ് ബിജെപിയുടെ അഖിലേന്ത്യ നേതൃനിരയില്‍ എത്തിയത്. അതാകട്ടെ ജെപി നദ്ദയും അബ്ദുള്ളക്കുട്ടിയും പാര്‍ലമെന്റില്‍ അടുത്തു പ്രവര്‍ത്തിച്ചതിന്റെ പരിചയം കൊണ്ടു കിട്ടിയതാണ് താനും.
കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഇപ്പോഴും വൻതോതിൽ ജനകീയാംഗീകാരമില്ല എന്നത് തന്നെയാണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപി പാളയത്തിലേക്ക് പോകാത്തതിനുള്ള പ്രധാന കാരണം. അങ്ങിനെ കൂറുമാറിയാല്‍ ആ നേതാക്കള്‍ക്ക് പിന്നീട് പാര്‍ലമെന്ററി രംഗത്ത് തൽക്കാലം വലിയ ഭാവിയുണ്ടാകില്ല. കാരണം ഒരു നിയമസഭാ സീറ്റുപോലും ബിജെപിക്ക് അടുത്ത കാലത്തൊന്നും കേരളത്തില്‍ കിട്ടുകയുമില്ല. എന്നാല്‍ സിപിഎമ്മിലേക്ക് മാറിയാല്‍ അതല്ല സ്ഥിതി,വലിയ സാധ്യതകളുണ്ട്. ടികെ ഹംസ മുതല്‍ മന്ത്രി അബ്ദുള്‍ റഹിമാനും പിവി അന്‍വറും വരെയുള്ള ഉദാഹരണങ്ങള്‍ നിരവധി.
ബിജെപി ചില കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചപ്പോള്‍ എന്‍സിപിയിലോ സിപിഐയിലോ പോയാലും സംഘ പാളയത്തിലേക്ക് വരില്ലെന്ന് അറുത്തുമുറിച്ച് പറഞ്ഞു കളഞ്ഞു. ബിജെപി അഖിലേന്ത്യാ തലത്തില്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ അത്രക്ക് ആരാധകര്‍ ഇല്ലാത്തതും ആ പാർട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് കുറക്കുന്നു. ഇപ്പോള്‍ ആ പാര്‍ട്ടിയിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് ഭാവിയില്‍ ബിജെപിക്ക് യാതൊരു ഗുണവും ലഭിക്കുകയില്ലെന്ന് മാത്രമല്ല ബാധ്യതയാവുകയും ചെയ്യും