രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 സംവിധാന്‍ ഹത്യാ ദിവസ് ( ഭരണഘടനാ ഹത്യാദിനം) ആയി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 1975 ജൂണ്‍ 25 നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം അറസ്റ്റിലാവുകയും, ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് കര്‍ശന സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇരുപത് മാസത്തോളം നീണ്ട നിന്ന അടിയന്തിരാവസ്ഥ 1977 ഫെബ്രുവരി മാസം പി്ന്വലിക്കുകയും, തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിഗാഗാന്ധിയും കോണ്‍ഗ്രസും പരാജയപ്പെടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി.
2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഭരണഘടന തിരുത്തമെന്ന ചില ബിജെപി നേതാക്കളുടെ പ്രസ്താവനയാണ് യഥാര്‍ത്ഥത്തില്‍ ആ പാര്‍ട്ടിക്ക് തിരിച്ചടിയായത് എന്ന് കരുതുന്നവരേറെയുണ്ട്. ഭരണഘടന തിരുത്തിയാല്‍ സംവരണമടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്ന ഭയന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപി വിരുദ്ധ കക്ഷികള്‍ക്ക് വോട്ടു ചെയ്തു. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ തന്ത്രപരമായ രാഷ്ട്രീയനീക്കമായിരുന്നു ഭരണഘടനക്കെതിരെ ബിജെപി വെല്ലുവിളിയുയര്‍ത്തുന്നുവെന്ന പ്രചാരണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനും ഇഷ്ടമുള്ളതില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും നല്‍കുന്നത് ഭരണഘടനയാണ്. നിയമത്തിനുമുന്നില്‍ തുല്യതയും ഭരണഘടന ഉറപ്പു നല്കുന്നു. രാജ്യത്തിന്റെ ഈ അടിസ്ഥാന രേഖയില്‍ തിരുത്തല്‍ വരുത്തുമെന്ന ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ പ്രചാരണം സാധാരണക്കാരായ വോട്ടര്‍മ്മാരെ സ്വാധീനിക്കുകയും ചെയ്തു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്നു ഇന്ത്യ സഖ്യം വിവക്ഷിച്ച 2024 ലെ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് പ്രതിപക്ഷ മുന്നണിക്ക് 230 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. ലോക്സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്.
തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള ഇന്ത്യാമുന്നണി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു പ്രതിജ്ഞ ചെയ്തത്. ഇത് രാജ്യത്തെങ്ങും വലിയ ചര്‍ച്ചാ വിഷയമായി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ തങ്ങള്‍ അതിനെ സംരക്ഷിക്കാന്‍ പോരാടുകയാണെന്ന സന്ദേശമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷമുന്നണി നല്‍കിയത്. ഇത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കി. ഇതോടെയാണ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഭരണഘടനാ സ്നേഹത്തെ പ്രതിരോധിക്കാന്‍ ബിജെപി സംവിധാന്‍ ഹത്യാദിവസ് അഥവാ ഭരണഘടനയെ ഇല്ലാതാക്കിയ ദിനം എന്ന പേരില്‍ ജൂണ്‍ 25 ആചരിക്കാന്‍ തിരുമാനിച്ചത്.
ഇന്ത്യാമുന്നണിയില്‍ കോണ്‍ഗ്രസിനെയും മറ്റു കക്ഷികളെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബിജെപി നടത്തുന്നത്. കാരണം ഇപ്പോള്‍ ഇന്ത്യാമുന്നണിയില്‍ നില്ക്കുന്ന കോണ്‍ഗ്രസ് ഒഴിച്ച് ഏറെക്കുറെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അടിയന്തിരാവസ്ഥയുടെ തിക്ത ഫലങ്ങള്‍ അനുഭവിച്ചവരാണ്. സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായംസിംഗ്, രാഷ്ട്രീയജനതാദള്‍ സ്ഥാപകന്‍ ലല്ലുപ്രസാദ് യാദവ്, തുടങ്ങിയവര്‍ അടിയന്തിരാവസ്ഥയില്‍ മാസങ്ങളോളം ജയലില്‍ കിടന്നവരാണ്. അതോടാപ്പം അന്നത്തെ ഇടതു നേതാക്കളും ജയിലില്‍ പോയിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ആര്‍എസ്എസ് ന്റെ നേതാക്കളും തടവറയിലായിരുന്നു. ചുരുക്കത്തില്‍ തങ്ങളല്ല കോണ്‍ഗ്രസാണ് ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന്് ആവര്‍ത്തിച്ചുറപ്പിക്കാനും രാജ്യത്തെ ബോധ്യപ്പെടുത്താനും ശ്രമിക്കുകയാണ് ഈ നീ്ക്കത്തിലൂടെ ബിജെപി.
എന്നാല്‍ ഭരണഘടനയെ ഇത്തരത്തില്‍ രാഷ്ട്രീയപോരാട്ടത്തിനുള്ള ആയുധമാക്കിമാറ്റുന്നത് ശരിയല്ലന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രാജ്യത്തിന്റെ വ്യവസ്ഥാപിതമായ രേഖയെ അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നോക്കിക്കാണണം. ഭരണഘടനയില്‍ തിരുത്തല്‍ വരുത്താനുള്ള അധികാരം ഭരിക്കുന്നവര്‍ക്ക് ഭരണഘടനതന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനെ രാഷ്ട്രീയായുധമാക്കി മാറ്റുന്നത് ജനാധിപത്യസമൂഹത്തിന് ചേര്ന്നതല്ലന്നാണ് ഭരണഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.