ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ, ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.
ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് വർമ. 2015ലും 2020ലും രോഹിണി സീറ്റ് നിലനിർത്തിയ വിജേന്ദർ ഗുപ്ത ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിട്ടുണ്ട്.
മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നഡ്ഡ തുടങ്ങിയവര്‍ ചര്‍ച്ച നടത്തി. പര്‍വേഷ് വർമ മാത്രമല്ല പരിഗണനയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക.