കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുമോ എന്നതാണ് കോണ്‍ഗ്രസ് ഉപശാലകളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കണ്ണൂരില്‍ സുധാകരന് ജയിച്ചാലും തോറ്റാലും കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ വേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പു കഴിയും വരെ മാത്രമേ അധ്യക്ഷപദവിയില്‍ തുടരാന്‍ തനിക്ക് താല്പര്യമുള്ളുവെന്നു സുധാകരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇത്തവണ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ യാതൊരു താല്പര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ അസംബ്ളി മണ്ഡലത്തില്‍ നിന്നും മല്‍സരിക്കണമെന്നായിരുന്നു സുധാകരന്റെ ആഗ്രഹം. എന്നാല്‍ സുധാകരന് മല്‍സരിച്ചില്ലെങ്കില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലം കോണ്‍ഗ്രസിന് നിലനിർത്തുക പ്രയാസമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റിലെ വിജയവും കോണ്‍ഗ്രസിന് അത്യന്താപേക്ഷിതമാണ് എന്നതു കൊണ്ട് അദ്ദേഹത്തോട് മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ എംഎം ഹസനാണ് കെപിസിസി അധ്യക്ഷന്റെ ചുമതല. തെരഞ്ഞെടുപ്പിന് ശേഷം ഹസന് തന്നെ തുടരുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. കണ്ണൂരില്‍ ജയിച്ചുകഴിഞ്ഞാല്‍ കെ സുധാകരന് കെപിസിസി അധ്യക്ഷസ്ഥാനത്ത് വീണ്ടുമെത്താന്‍ സാധ്യത വളരെക്കുറവാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന. അതേസമയം എംഎം ഹസനെപ്പൊലൊരാളെ വച്ചുകൊണ്ട് നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് അത്ര ബുദ്ധിയായിരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്.
സുധാകരന്റെ അധ്യക്ഷസ്ഥാനത്ത് നിന്നു മാറുമോ എന്നകാര്യം തെരഞ്ഞെടുപ്പ് കഴിയും വരെ പാർട്ടിയിൽ ചര്ച്ചയാക്കേണ്ടാ എന്നത് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നിരവധി നേതാക്കള്‍ ഈ കസേരയിലേക്ക് കണ്ണുംനട്ടിരിക്കുന്നുണ്ട് എന്നതാണ് അതിനുള്ള കാരണം. സുധാകരന് അധ്യക്ഷനാകും മുന്നേതന്നെ കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ള നേതാക്കള്‍ ഈ സ്ഥാനത്തേക്കുളള തങ്ങളുടെ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞതാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്ജ്ജുനഖാര്ഗെയോട് അടുപ്പമുള്ള ദളിത് നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്. അതുകൊണ്ട് കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നു മാറുകയാണെങ്കില്‍ കൊടിക്കുന്നിലിനെപ്പോലൊരു നേതാവിന്റെ പേര് ഉയര്‍ന്നുവരാം.
അഞ്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണ് കേരളത്തിലെ കോൺഗ്രസ്സിലുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണവര്‍. ഈ അഞ്ചുപേര്‍ക്കും അവരവരുടേതായ ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്. പ്രതിപക്ഷ നേതാവ് എന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ‘നാച്വറല്‍ ചോയ്സ്’ ആണ്. കാരണം കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനുമാണ് വിഡി സതീശൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരേണ്ടയാളുമാണ്. എന്നാല്‍ അദ്ദേഹം നേരിടുന്ന പ്രധാന പ്രതിസന്ധി മേല്‍പ്പറഞ്ഞ നാല് പേരെക്കാളും ജൂനിയര്‍ ആണെന്നതും സംസ്ഥാനമൊട്ടുക്കും ജനപിന്തുണയില്ലെന്നതുമാണ്. കെസി വേണുഗോപാലിനാകട്ടെ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന് എന്ന ലേബല്‍ വലിയൊരു മൂലധനമാണ്. മാത്രമല്ല കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായിരുന്ന് കഴിവു തെളിയിച്ചയാളുമാണ്. എന്നാല്‍ അദ്ദേഹം നേരിടുന്ന പ്രശ്നവും ജനപിന്തുണയുടെ അഭാവമാണ്. കെ സുധാകരനെ സംബന്ധിച്ചിടത്തോളം കടുത്ത സിപിഎം വിരുദ്ധതയാണ് മുഖമുദ്ര. അതോടൊപ്പം അണികള്‍ക്കിടയില്‍ സ്വാധീനവുമുണ്ട്. മാത്രമല്ല ഈഴവ സമുദായത്തില്‍ പെട്ട നേതാവുകൂടിയാണദ്ദേഹം. എന്നാല്‍ മോണ്സണ് മാവുങ്കല്‍ കേസില്‍ പ്രതിയായതും, ബിജെപി അനുകൂല പ്രസ്താവനകളും അദ്ദേഹത്തിന്റെ ജനസമ്മതിയില്‍ വലിയ ഇടവുണ്ടാക്കി.
കെ മുരളീധരനാകട്ടെ ഒരു പോരാളിയെന്ന ഇമേജ് നന്നായുള്ളയാളാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊളളുന്നയാളും ന്യുനപക്ഷങ്ങള്ക്കടക്കം സമ്മതനാകുന്നതും വലിയ തോതിലുളള ജനപിന്തുണയും അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്പര്യമില്ല എന്നതാണ് മുരളി നേരിടുന്ന വലിയ പ്രശ്നം. രമേശ് ചെന്നിത്തലക്കാകട്ടെ ദേശീയസംസ്ഥാന തലങ്ങളിൽ പ്രവര്‍ത്തിച്ച് വലിയ പാരമ്പര്യമുണ്ട്. ഭരണരംഗത്തും പ്രായോഗിക പരിചയമുണ്ട്. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും പ്രതിപക്ഷനേതാവായിരിക്കെ പിണറായി സര്‍ക്കാരിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തയാളാണ് ചെന്നിത്തല. പക്ഷെ ജനപിന്തുണയുടെ കാര്യത്തില്‍ അദ്ദേഹം പിറകോട്ടാണ്. ഈ അഞ്ച് പേരില്‍ ആരായിരിക്കും ഇനിയൊരു യുഡിഎഫ് സര്‍ക്കാരുണ്ടാവുകയാണെങ്കില്‍ അതിനെ നയിക്കുക എന്ന് ദൈവത്തിനു പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസിന് യാതൊരു തലവേദനയമുണ്ടാക്കിയില്ല. കാരണം ഒരു സീറ്റിലേക്ക് മാത്രം സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ അതിനുശേഷമുള്ള കാര്യങ്ങള്‍ അങ്ങിനെയായിരിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടായാലും തിരിച്ചടിയുണ്ടായാലും അത് സംഘടനക്കുളളില്‍ വലിയ അനുരണനങ്ങള്‍ സൃഷ്ടിക്കും. കെ സുധാകരനെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ അസംബ്ളി മണ്ഡലത്തില്‍ നിന്നും 2026 ല്‍ മല്‍സരിക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മുഖ്യമന്ത്രി സ്ഥാനത്തിന് അര്ഹതയുള്ളയാളായി അദ്ദേഹം സ്വയം കരുതുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണെങ്കില്‍ സുധാകരനടക്കമുള്ള മറ്റു നാലുപേരെക്കാള്‍ താരതമ്യേന ജൂനിയറുമാണ്. അതുകൊണ്ട് നിയമസഭാകക്ഷി നേതാവ് സ്ഥാനത്തേക്ക് ഒരു മല്‍സരം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പലരും രഹസ്യമായി സമ്മതിക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്. ഇടതുമുന്നണിയുടെ സ്റ്റാര്‍ കാംപെയ്നര്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ മകള്‍ക്ക് നേരെ ഇഡി തിരിഞ്ഞതില്‍ വലിയ അങ്കലാപ്പിലുമാണ്. കാര്യമായ കടന്നാക്രമണമൊന്നും അദ്ദേഹം ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നടത്തുന്നുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടില്‍ തങ്ങള്‍ വിജയിച്ചു കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടാണ് ജൂണ്‍ നാലിന് ശേഷം മാത്രം നടക്കേണ്ട കെപിസിസിയിലെ നേതൃമാറ്റത്തെക്കുറിച്ച് പല കോണ്‍ഗ്രസ് നേതാക്കളും ഉറക്കെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്