റായ്ബറേലി നിലനിര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവെക്കുമെന്നുറപ്പായിരിക്കേ വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാര് എന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വലിയ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. പ്രിയങ്കാഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലെന്നിരിക്കേ ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന ആലോചന കോണ്‍ഗ്രസില്‍ ശക്തമായി. പ്രിയങ്ക മല്‍സരിക്കുന്നില്ലെങ്കില്‍ കെ മുരളീധരനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മുസ്ളീംലീഗിന്റെ ആഗ്രഹം. തോല്ക്കാന് സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സധൈര്യം തൃശൂരില്‍ മല്‍സരിച്ച കെ മുരളീധരന് ഒരു പോരാളിയാണെന്നാണ് മുസ്ളീംലീഗിന്റ പക്ഷം. എന്നാല്‍ കോണ്‍ഗ്രസ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും, കാരണം സീറ്റ് അവരുടേതാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
പ്രിയങ്കാഗാന്ധിയെ തല്ക്കാലം പാര്‍ലമെന്റിലേക്ക് കൊണ്ടുവരേണ്ട എന്ന നിലപാടാണ് രാഹുലിനും സോണിയക്കും ഉള്ളത്. അതിൽ മാറ്റം വന്നാൽ മാത്രമേ പ്രിയങ്ക സ്ഥാനാര്ത്ഥിയാവുകയുള്ളു. കേരളത്തിലെ നേതൃത്വം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ നന്നേ ബുദ്ധിമുട്ടുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിർദ്ദേശങ്ങൾക്ക് ഇപ്പോള്‍ കൂടുതല്‍ വിലയുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായവും പ്രധാനമായിരിക്കും. മുസ്ളീം വിഭാഗത്തില്‍പ്പെട്ട ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നിന്നും ഒരു വനിതാ എംപി ഇല്ലാത്തതു കൊണ്ട് അക്കാര്യം പരിഗണിക്കണമെന്ന ആവശ്യവും ഉണ്ട്. അങ്ങനെയെങ്കില്‍ ഷാനിമോള്‍ ഉസ്മാനെ പരിഗണിക്കും എന്നറിയുന്നു. എന്നാല്‍ ഷാനിമോളോട് കെസി വേണുഗോപാലിന് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് അത് നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് 100% ഉറപ്പുള്ള സീറ്റായത് കൊണ്ട് പ്രിയങ്ക വന്നില്ലെങ്കില്‍ സീറ്റിനായി പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കെപിസിസി ആരെയാണ് നിർദ്ദേശിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് ആരായും. അപ്പോഴാണ് കൂട്ടയടി നടക്കാന്‍ സാധ്യതയുള്ളത്. അവസാനം സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാകും. ഷാനിമോള്‍ ഉസ്മാന്റെയോ എം ലിജുവിന്റെയോ പേര് കെപിസിസി മുന്നോട്ടുവെക്കാൻ സാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ അബ്ദുള്‍ റഷീദിന്റെയോ കെപിസിസി ജനറല്‍ സെക്രട്ടറി പിഎം അബ്ദുള്‍ മജീദിന്റെയോ പേര് രമേശ് ചെന്നിത്തല നിർദ്ദേശിച്ചേക്കാം. സ്ഥാനാര്ത്ഥിയാരായാലും രാഹുലിന്റെ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണ്. ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം ഏത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിന്നാലും അവിടെയുണ്ടാകുമെന്ന് ഡിസിസി കണക്കുകൂട്ടുന്നു. റായ്ബറേലിയിൽ കൂടി മത്സരിക്കാൻ തീരുമാനമെടുത്തിട്ട് അത് മറച്ചുവെച്ച് വയനാട്ടിൽ ജനവിധി തേടിയതിനെതിരെ വോട്ടർമാർക്കിടയിലുള്ള ശക്തമായ അതൃപ്തി ഭൂരിപക്ഷം കുറയാൻ കാരണമായേക്കും.
ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുവന്നാലാണ് അടി രൂക്ഷമാവുക. അതോടൊപ്പം വനിതാ പ്രാതിനിധ്യം കൂടെ വേണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കുവരും. ഇതെല്ലാം മനസിലാക്കിയാണ് കെ മുരളീധരനെത്തന്നെ മല്‍സരിപ്പിക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതും മുരളീ വേണമെന്നാണ്. അല്ലങ്കില്‍ പ്രിയങ്ക വരട്ടെയെന്നും. മുരളി വന്നാലും പ്രിയങ്ക വന്നാലും യാതൊരു പ്രശ്നങ്ങളുമില്ലാതെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു പോകും, എന്നാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ വിവാദങ്ങളും എതിര്പ്പുകളുമുണ്ടാകും.
എംഎം ഹസനെപ്പോലെയൊരു സീനിയര്‍ നേതാവിനെ നിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നും ചില നേതാക്കള്‍ കരുതുന്നുണ്ട്.വയനാട് ഉപതെരഞ്ഞെടുപ്പ് സെപ്തംബറിലോ ഒക്ടോബറിലോ നടക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ മല്‍സരിച്ചാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പിടിക്കുന്ന വോട്ടുകളും പ്രശ്നമാകും. രാഹുല്‍ഗാന്ധി മല്‍സരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മല്‍സരിക്കും പോലെയല്ല കേരളത്തിലെ സ്ഥാനാര്‍്തഥികള്‍ നില്ക്കുമ്പോള് ഉണ്ടാകുന്നത്. ഇതും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. ഏതായാലും വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മല്സരിക്കാതെയിരിക്കാന് സാധിക്കില്ലല്ലോ. പ്രിയങ്കയുടെ മല്സരിക്കാത്തിടത്തോളം കാലം വേറേ ആരെയെങ്കിലും തപ്പിയെടുത്തല്ലേ പറ്റൂ